പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ മുറിയിൽ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങൾ. 35 ലക്ഷം പണമായും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളുമാണ് പാലക്കയം വില്ലേജിലെ ഫീൽഡ് അസിസ്റ്റൻഡ് സുരേഷിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത്. 2023 മെയ് 23ന് വൈകിട്ട് 6 മണിയോടെ ഫീൽഡ് അസിസ്റ്റന്റിന്റെവാടക മുറിയിൽ വിജിലൻസ്സം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ പിടിച്ചെടുത്തത്.
ലോക്കൽ മാപ്പ് ,സ്കെച്ച് എന്നിവ തയ്യാറാക്കുന്നതിനായി സുരേഷ് പണം ആവശ്യപ്പെട്ടന്നായിരുന്നു പരാതി. 2500 രൂപയാണ് സുരേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. നേരത്തെ പറഞ്ഞതനുസരിച്ച് ഇരുവരും കുന്തിപ്പുഴ പാലത്തിന് മുമ്പിൽ വെച്ച് കണ്ടുമുട്ടി. പണം കൈമാറുന്നതിനിടെയാണ്സുരേഷ് വിജിലൻസിന്റെ പിടിയിലാകുന്നത്. ഇതേവസ്തുവിന്റെ മറ്റൊരു രേഖ ശരിയാക്കാൻ വേണ്ടി നേരത്തേയും സുരേഷ് പണം വാങ്ങിയിട്ടുണ്ടെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.
കൂടുതൽ പേരിൽ നിന്ന് ഇയാൾ കൈക്കൂലി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇയാളുടെ ലോഡ്ജിൽ പരിശോധന നടത്തിയത്. മുറി പരിശോധിച്ചപ്പോൾ മുറിയിൽ നിന്ന് ലക്ഷങ്ങളാണ് കണ്ടെടുത്തത്. കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപ രേഖകളും നാണയങ്ങളും കണ്ടെടുത്തത്.