എഫ്ഐപിഐസി മൂന്നാം ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി രാജ്യം മുന്നോട്ട് വയ്ക്കുന്ന പദ്ധതികളെ കുറിച്ച് പറയുകയുണ്ടായി. ഒപ്പം ചില പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി.കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, പട്ടിണി, ദാരിദ്ര്യം, ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികള്‍ എന്നിവയ്ക്ക് പുതിയ പ്രശ്‌നങ്ങള്‍ രാജ്യങ്ങളുടെ മുന്നില്‍ ഉയര്‍ന്നിട്ടുണ്ട്. അവ ഭക്ഷണം, ഇന്ധനം, രാസവളം, ഔഷധങ്ങള്‍ എന്നിവയുടെ വിതരണശൃംഖലയിലെ തടസങ്ങള്‍ ആണെന്നും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് പസഫിക് ദ്വീപിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യക്കു നില്‍ക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം നടത്തിയ മറ്റ് പ്രഖ്യാപനങ്ങള്‍
- പസഫിക് മേഖലയിലെ ആരോഗ്യപരിരക്ഷ വര്‍ധിപ്പിക്കുന്നതിന്, ഫിജിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാര്‍ഡിയോളജി ആശുപത്രി സ്ഥാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പരിശീലനം ലഭിച്ച ജീവനക്കാരെയും ആധുനികസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഈ ആശുപത്രിയില്‍ സജ്ജീകരിക്കും. ഇത് ഈ പ്രദേശത്തിന്റെയാകെ ജീവനാഡിയായി വര്‍ത്തിക്കും. ഈ മെഗാ ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ ചെലവു മുഴുവന്‍ ഇന്ത്യാഗവണ്മെന്റ് വഹിക്കും.
- 14 പസഫിക് ദ്വീപ് രാജ്യങ്ങളിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യ സഹായിക്കും.
- 14 പസഫിക് ദ്വീപ് രാജ്യങ്ങള്‍ക്കും സമുദ്ര ആംബുലന്‍സുകള്‍ നല്‍കും.
- 2022ല്‍ ഞങ്ങള്‍ ഫിജിയില്‍ ജയ്പുര്‍ കാല്‍ ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പില്‍ 600ലധികം പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി നല്‍കി. സുഹൃത്തുക്കളേ, ഈ സമ്മാനം ലഭിച്ചവര്‍ക്ക് ജീവന്‍ എന്ന സമ്മാനം ലഭിച്ചതായാണു തോന്നുന്നത്.
പിഐസി മേഖലയ്ക്കായി, ഈ വര്‍ഷം പാപുവ ന്യൂ ഗിനിയില്‍ (പിഎന്‍ജി) ജയ്പുര്‍ കാല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 2024 മുതല്‍ പസഫിക് ദ്വീപ് രാജ്യങ്ങളില്‍ ഓരോ വര്‍ഷവും ഇത്തരത്തിലുള്ള രണ്ടു ക്യാമ്പുകള്‍ സംഘടിപ്പിക്കും.
- ഇന്ത്യയിലെ ജന്‍ ഔഷധി പദ്ധതിവഴി, 1800ലധികം ഉയര്‍ന്ന ഗുണമേന്മയുള്ള പൊതു ഔഷധങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, വിപണിവിലയെ അപേക്ഷിച്ച് 90% വരെ കുറഞ്ഞ വിലയ്ക്ക് ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ പ്രമേഹ പ്രതിരോധമരുന്ന് ലഭ്യമാണ്. മറ്റ് മരുന്നുകളും വിപണിവിലയുടെ 60% മുതല്‍ 90% വരെ കുറവില്‍ ലഭ്യമാണ്. നിങ്ങളുടെ രാജ്യങ്ങളിലും സമാനമായ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു.
- പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ തടയാന്‍ യോഗ വളരെ ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യോഗയുടെ പ്രയോജനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങളുടെ രാജ്യങ്ങളില്‍ യോഗാകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു.
- പിഎന്‍ജിയിലെ ഐടി മികവിന്റെ കേന്ദ്രത്തെ നവീകരിച്ച് ‘പ്രാദേശിക വിവരസാങ്കേതികവിദ്യ – സുരക്ഷാ കേന്ദ്ര’മാക്കി മാറ്റുകയും ചെയ്യും.
- ഫിജിയിലെ പൗരന്മാര്‍ക്കായി 24ഃ7 എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ സ്ഥാപിക്കും. എല്ലാ പിഐസി രാജ്യങ്ങളിലും സമാനമായ സൗകര്യം സജ്ജീകരിക്കാന്‍ സഹായിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.
- ഓരോ പസഫിക് ദ്വീപ് രാജ്യത്തിലും ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ വികസനത്തിനായുള്ള പദ്ധതി ഞാന്‍ പ്രഖ്യാപിക്കുന്നു. ഈ പദ്ധതിക്കുകീഴില്‍, യന്ത്രസാമഗ്രികളും സാങ്കേതികവിദ്യയും വിതരണം ചെയ്യും. കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
- പസഫിക് ദ്വീപ് രാഷ്ട്രത്തലവന്മാരുടെ വസതികള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റാനുള്ള പദ്ധതിക്ക് നിങ്ങളില്‍നിന്ന് മികച്ച സ്വീകാര്യതയാണു ലഭിച്ചത്. എല്ലാ എഫ്ഐപിഐസി രാജ്യങ്ങളിലും കുറഞ്ഞത് ഒരു ഗവണ്മെന്റ് കെട്ടിടമെങ്കിലും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാക്കി മാറ്റും.
- ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന്, എല്ലാ പസഫിക് ദ്വീപ് രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഉപ്പുവെള്ള ശുദ്ധീകരണ യൂണിറ്റുകള്‍ നല്‍കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
- ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നമ്മുടെ ദീര്‍ഘകാല പ്രതിബദ്ധത തുടരുന്നതിന്റെ പശ്ചാത്തലത്തില്‍, പസഫിക് ദ്വീപ് രാജ്യങ്ങള്‍ക്കായി ഞാന്‍ 23/05/23ചൊവ്വാഴ്ച ‘സാഗര്‍ അമൃത് സ്‌കോളര്‍ഷിപ്പ്’ പദ്ധതി പ്രഖ്യാപിക്കുന്നു. ഈ പരിപാടിക്കു കീഴില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 ഐടിഇസി പരിശീലന അവസരങ്ങള്‍ നല്‍കും.