മലപ്പുറം: ഭവന രഹിതർക്ക് 111 വീടുകൾ നിർമ്മിച്ച് നൽകി മർകസ് ചാരിറ്റി കോൺഫറൻസ്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് വീടുകൾ കൈമാറിയത്. 100 വീടുകളാണ് ആദ്യം ഉദ്ദേശിച്ചത്. അപേക്ഷകർ കൂടിയതോടെ 313 വീടുകളാക്കി ഉയർത്തുകയായിരുന്നു. ഇതിൽ ആദ്യഘട്ടമായി നിർമിച്ച 111 വീടുകളാണ് 2023 മെയ് 22 ന് കൈമാറിയത്.
മദനീയം പരിപാടിയുടെ ഒന്നാം വാർഷികത്തിലാണ് സാദാത്ത് ഭവന പദ്ധതി പ്രഖ്യാപിച്ചത്. മദനീയം കൂട്ടായ്മയുടെ സഹായത്തോടെയാണ് വീടുകൾ നിർമിച്ചത്. പരസ്പരം സഹായിച്ചും ധർമം നൽകിയും മുന്നോട്ടുപോയാൽ നാട്ടിൽ ദരിദ്രർ ഉണ്ടാവില്ലെന്നും അതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സകാത്തിന്റെ ഉദ്ദേശമെന്നും കാന്തപുരം പറഞ്ഞു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഗുണഭോക്താക്കൾ ചടങ്ങിൽ പങ്കെടുത്തു.