കാട്ടുപോത്തിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച കർഷകർക്കുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി – സ്‌കെച്ചിട്ടിട്ടുണ്ട്, തല്ലുകിട്ടും’;

കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയവർക്ക് നേരെ ഭീഷണി. പ്രതിഷേധിക്കുന്നവരെ നോട്ടമിട്ടിട്ടുണ്ടെന്നും തല്ലുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി. എരുമേലി റേഞ്ച് ഓഫീസറായ ജയനാണ് ഭീഷണിപ്പെടുത്തിയത്. ഒരു വ്‌ളോഗറോട് സംസാരിക്കുമ്പോഴാണ് ഇയാൾ ഭീഷണിപ്പെടുത്തുന്നത്. ജയന്റെ ശബ്ദരേഖയും വ്‌ളോഗർ പുറത്തുവിട്ടു.

രണ്ട് പേരുടെ മരണത്തിനിടയാക്കിയ കണമലയിലെ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിയാത്ത വനംവകുപ്പിനെതിരെ സ്ഥലത്ത് പ്രതിഷേധം ശക്തമാണ്. നായാട്ടുസംഘത്തിന്റെ വെടിയേറ്റതിന്റെ പ്രകോപനത്തിലാണ് പോത്ത് ആക്രമിച്ചതെന്ന വനംമന്ത്രിയുടെ പ്രതികരണം കൂടി വന്നതോടെ നാട്ടുകാർ രോഷാകുലരായി.

കണമലയിലെ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. 2023 മെയ് 23ന് രാവിലെ കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകളിറങ്ങി. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റിയാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം. മേഖലയിൽ ആശങ്കയെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപോത്ത് ആക്രമണത്തിൽ കഴിഞ്ഞ വർഷം കോളയാട് ഒരാൾ കൊല്ലപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം