മഴ: കര്‍ണാടകയില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട 27കാരന്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ, കനാലിലെ കുത്തൊഴുക്കില്‍ അകപ്പെട്ട 27കാരന്റെ മൃതദേഹം കണ്ടെടുത്തു. ആഴം അളക്കാന്‍ കനാലില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് കെപി അഗ്രഹാര സ്വദേശിയായ ലോകേഷ്, വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ബട്ടരായന്‍പുരിന് സമീപത്ത് വച്ചാണ് മൃതദേഹം കണ്ടെടുത്തത്. നിയമസഭ മന്ദിരത്തിന് സമീപത്തെ അണ്ടര്‍പാസില്‍, സഞ്ചരിക്കുന്ന കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് 22/05/23 തിങ്കളാഴ്ച ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം. ലോകേഷിന്റെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കെപി അഗ്രഹാര പൊലീസ് കേസെടുത്തിട്ടുണ്ട്.

സഞ്ചരിക്കുന്ന കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ആന്ധ്ര സ്വദേശിനി ഭാനുരേഖയാണ് (22) മരിച്ചത്. 22/05/23 തിങ്കളാഴ്ച വൈകിട്ടാണ് ഈ സംഭവം. ഭാനുരേഖയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. യുവതിയുടെ കുടുംബം ബെംഗളൂരു മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

Share
അഭിപ്രായം എഴുതാം