പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു;

കൽപ്പറ്റ: പനമരം വരദൂരിൽ വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം. താഴെ വരദൂർ ചൗണ്ടേരി റോഡിലുണ്ടായ അപകടത്തിൽ താഴെ വരദൂർ പ്രദീപിന്റെ (സമ്പത്ത്) മകൻ അഖിൽ (25) ആണ് മരിച്ചത്. 2023 മെയ് 22 തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. താഴെവരദൂർ ടെലഫോൺ എക്‌സേഞ്ചിന് സമീപത്ത് എത്തിയ കാർ ചൗണ്ടേരിയിലേക്കുള്ള തെറ്റ് റോഡിലേക്ക് കടന്നതോടെ റോഡിൽ ഉണ്ടായിരുന്ന അഖിൽ വാഹനത്തിന് അടിയിൽപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

ഉടൻ തന്നെ നാട്ടുകൾ അഖിലിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്‌നാട് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച അഖിലിന്റെ പിറന്നാളായിരുന്നു. കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പ്രമീള. ആതിര ഏക സഹോദരിയാണ്.

Share
അഭിപ്രായം എഴുതാം