ഷിംലയിലേക്കുള്ള റോഡ് യാത്രയ്ക്കിടെ രാഹുലിന്റെ ട്രക്ക് റൈഡ്

ഡൽഹി: അർദ്ധരാത്രിയിൽ ട്രക്ക് റൈഡ് നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹി മുതൽ ഛത്തീസ്ഗഢ് വരെ രാഹുൽ ട്രക്കിൽ യാത്ര ചെയ്തതായി കോൺഗ്രസ് അറിയിച്ചു. യാത്രയ്ക്കിടെ അദ്ദേഹം ഡ്രൈവർമാരുമായി അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തതായും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 2023 മെയ് 22 രാത്രി 11 മുതൽ അർദ്ധരാത്രി 12 മണിവരെയായിരുന്നു രാഹുലിന്റെ യാത്ര.

ഷിംലയിലേക്കുള്ള റോഡ് യാത്രയ്ക്കിടെയാണ് രാഹുൽ ട്രക്ക് റൈഡ് നടത്തിയത്. ഷിംലയിലുളള പ്രിയങ്കയ്ക്കും കുടുംബത്തിനുമൊപ്പം ചേരുന്നതിനാണ് രാഹുലിന്റെ യാത്ര. രാഹുലിന്റെ ട്രക്ക് റൈഡിന്റെ വീഡിയോ നിരവധി കോൺഗ്രസ് നേതാക്കൾ ട്വിറ്ററിൽ പങ്കുവെച്ചു. ഹരിയാനയിലെ അംബാലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു യാത്രയ്ക്കിടെ ഒരു ഗുരുദ്വാരയിലും രാഹുൽ എത്തി.

അടുത്തിടെയായി രാഹുൽ പൊതുസ്ഥലങ്ങളിൽ അപ്രതീക്ഷിത സന്ദർശനങ്ങൾ നടത്തുന്നതും ചർച്ചകളിലേർപ്പെടുന്നതും പതിവാണ്. കഴിഞ്ഞ മാസം ഡൽഹി ബംഗാളി മാർക്കറ്റ്, ജമാ മസ്ജിദ് പരിസരങ്ങളിൽ സന്ദർശിക്കുകയും പൊതുജനങ്ങൾക്കിടയിലിരുന്ന് അവിടുത്തെ ഭക്ഷണം ആസ്വദിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഡൽഹി സർവകലാശാല പി.ജി.പുരുഷ ഹോസ്റ്റലിലെത്തി വിദ്യാർഥികളുമായി സംവദിച്ചതും വലിയ വാർത്തയായിരുന്നു..

Share
അഭിപ്രായം എഴുതാം