ബെംഗളൂരു: നഗരത്തിലെ അടിപ്പാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയതിനെ തുടർന്ന് ഐടി കമ്പനി ജീവനക്കാരിയായ യുവതി മരിക്കുകയും യുവതിയുടെ കുടുംബാംഗങ്ങളുടെ ജീവൻ അപകടത്തിലാകുകയും ചെയ്ത സംഭവത്തിൽ ബെംഗളൂരു സിവിക് ഏജൻസി എൻജിനീയർമാർ ക്കെതിരേ പോലീസ് കേസെടുത്തു. 2023 മെയ് 21 ഞായറാഴ്ചയായിരുന്ന സംഭവം .വെള്ളക്കെട്ടുള്ള അടിപ്പാതയിലേക്ക് വാഹനമിറക്കി യുവതിയേയും കുടുംബാംഗങ്ങളേയും അപകടത്തിൽ പ്പെടുത്തിയ കാർഡ്രൈവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപകടത്തിൽ മരിച്ച ബി. ഭാനുരേഖയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സിറ്റി മുൻസിപ്പൽ കോർപറേഷൻ ഓഫീസ് വഴി ഹോസുർ റോഡിലേക്ക് പോകുന്നതിനിടെയാണ് തന്റെ കാർ വെള്ളക്കെട്ടിൽ കുടുങ്ങിയതെന്ന് ഡ്രൈവർ ഹരീഷ് പറഞ്ഞു.ഒരു ഓട്ടോറിക്ഷയും കാറും കടന്നുപോകുന്നതുകണ്ടാണ് താൻ കാർ അടിപ്പാതയിലിറക്കിയതെന്നും മുന്നോട്ടുപോകാൻ ഓട്ടോറിക്ഷ ഡ്രൈവർ നിർദേശിച്ചതായും ഹരീഷ് കൂട്ടിച്ചേർത്തു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ അടിപ്പാതയിൽ വെള്ളം നിറഞ്ഞതായും കാറിന്റെ എൻജിൻ നിന്നുപോയതായും ഹരീഷ് പറഞ്ഞു.
അപകടത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ച സെന്റ് മാർത്ത ആശുപത്രിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശനത്തിനെത്തുകയും ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിക്കുകയും ചെയ്തു. അപകടത്തിനുശേഷം അടിപ്പാതയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു. നഗരത്തിലെ എല്ലാ അടിപ്പാതകളുടേയും സ്ഥിതിഗതികൾ വിലയിരുത്താനുള്ള നടപടികൾ ബൃഹത് ബെംഗളൂരു മഹാനഗര പാലിക ആരംഭിച്ചു.