കൊച്ചി: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ മാറ്റിയതിനു പിന്നില്‍ സുപ്രീം കോടതി ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ സംവിധാനങ്ങള്‍ക്കെതിരേ അദ്ദേഹം നിരന്തരം നടത്തിയ രൂക്ഷ വിമര്‍ശനം. സുപ്രീം കോടതിയിയും ഹൈക്കോടതികളും നല്‍കിയ ജഡ്ജിമാരുടെ നിയമന ശിപാര്‍ശകള്‍ റിജിജു ഇടപെട്ടു തള്ളുകയോ വൈകിപ്പിക്കുകയോ ചെയ്തിരുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. ഇതു പല തവണ സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. കൂടാതെ സുപ്രീം കോടതിയില്‍നിന്നു കേന്ദ്രസര്‍ക്കാരിനെതിരായി നിരവധി വിധികളും വന്നു.
ഭരണഘടനാ സ്ഥാപനമായ കോടതികളെയും ജഡ്ജിമാരെയും കേന്ദ്രമന്ത്രി പരസ്യമായി അവഹേളിച്ചതു സമൂഹത്തിലും അതൃപ്തിയുണ്ടാക്കി. പ്രധാനമന്തിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മൗനാനുവാദവും റിജിജുവിന്റെ നടപടികള്‍ക്കുണ്ടെന്ന ചിന്തവന്നു.
വലിയ ഭൂരിപക്ഷത്തിന്റെ ബലത്തിലാണു ഭരണഘടനാ സ്ഥാനപനങ്ങളെ മോദിസര്‍ക്കാര്‍ ആക്ഷേപിക്കുന്നതെന്നു പ്രതിപക്ഷം വാദിച്ചതും കേന്ദ്രത്തിനു തിരിച്ചടിയായി. ഭരണഘടനാ സ്ഥാപനങ്ങളെപോലും നോക്കുകുത്തിയാക്കിയതു സാധാരണ ജനം അംഗീകരിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തിരിച്ചറിവിലാണു കിരണ്‍ റിജിജുവിന്റെ മാറ്റമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചെന്നും വിലയിരുന്നലുണ്ട്. ആര്‍.എസ്.എസ്. വാരികയായ ”പാഞ്ചജന്യ”ത്തില്‍ കിരണ്‍ റിജിജു എഴുതിയതു കോളിളക്കമുണ്ടാക്കിയിരുന്നു. ”പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഇന്ത്യയിലൊഴികെ ലോകത്തു മറ്റൊരിടത്തും ജഡ്ജിമാര്‍ തങ്ങളുടെ സഹോദരന്മാരെ ജഡ്ജിമാരായി നിയമിക്കുന്ന രീതിയില്ല. നിയമമന്ത്രിയെന്ന നിലയില്‍, ജഡ്ജിമാരുടെ പകുതി സമയവും മനസും അടുത്ത ജഡ്ജി ആരായിരിക്കണമെന്നു തീരുമാനിക്കുന്നതില്‍ മുഴുകിയിരിക്കുകയാണെന്നു ഞാന്‍ നിരീക്ഷിക്കുന്നു. അവരുടെ പ്രാഥമിക ജോലി നീതി നല്‍കുക എന്നതാണ്. ഈ സമ്പ്രദായംമൂലം ജഡ്ജിമാര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്”- എന്നായിരുന്നു ആ വാക്കുകള്‍.
കിരണ്‍ റിജിജുവിനു പകരം നിയമിക്കപ്പെട്ട അര്‍ജുന്‍ റാം മേഘ്‌വാള്‍ രാജസ്ഥാന്‍ സ്വദേശിയാണ്. ഈ വര്‍ഷാവസാനം രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുകയാണ്. ഇതും മുന്നില്‍ കണ്ടാണു മേഘ്‌വാളിന്റെ നിയമനം.
- വകുപ്പുമാറ്റത്തില്‍ അതൃപ്തി വെളിവാക്കി റിജിജു
‘നന്ദിയുണ്ട് കോടതീ, നന്ദി!’
നിയമമന്ത്രിസ്ഥാനം ഒഴിയുമ്പോഴും റിജിജു സുപ്രീം കോടതിയോടുള്ള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചു. തനിക്കു ”വലിയ പിന്തുണ” നല്‍കിയ ചീഫ് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡിനും മറ്റ് ജഡ്ജിമാര്‍ക്കും നന്ദി പറയുന്നുവെന്ന് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
ജഡ്ജി നിയമനങ്ങള്‍ സംബന്ധിച്ച സുപ്രീം േകാടതി കൊളീജിയം സംവിധാനത്തിന്റെ നിശിതവിമര്‍ശകനായിരുന്നു റിജിജു.
നിയമമന്ത്രിയുടെ നിലപാടുകളോടുള്ള അതൃപ്തി സുപ്രീം േകാടതിയും മറച്ചുവച്ചില്ല. ജഡ്ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും നടപടി െവെകിക്കുന്നതിനെതിരേ കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിവിഷന്‍ ബെഞ്ച് താക്കീത് നല്‍കിയെങ്കിലും മന്ത്രി റിജിജുവിനു കൂസലുണ്ടായില്ല. ആരും ആര്‍ക്കും താക്കീത് നല്‍കേണ്ടെന്നും സര്‍ക്കാര്‍ ്രപവര്‍ത്തിക്കുന്നതു ഭരണഘടനയുടെയും ജനാഭിലാഷങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും അദ്ദേഹം തുറന്നടിച്ചു.
എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും ഉത്തരവാദപ്പെട്ട ചുമതലകളിലിരിക്കുന്നവര്‍ ചിന്തിച്ചുവേണം എന്തെങ്കിലും പറയാനെന്നു ജഡ്ജിമാര്‍ക്കെതിരേ അദ്ദേഹം ഒളിയമ്പെയ്തു.
കൊളീജിയം സമ്പ്രദായം ഭരണഘടനയ്ക്കു ചേര്‍ന്നതല്ലെന്നും അതിനു ജനപിന്തുണയില്ലെന്നും നിയമമന്ത്രി തുറന്നടിച്ചതോടെ കോടതിയും സര്‍ക്കാരുമായുള്ള ഭിന്നത കൂടുതല്‍ മൂര്‍ഛിച്ചു. ജഡ്ജി നിയമനത്തില്‍ സര്‍ക്കാരിനു കൂടുതല്‍ പങ്കാളിത്തം നല്‍കുന്ന 2014-ലെ നിയമം സുപ്രീം കോടതി റദ്ദാക്കിയതിനെയും റിജിജു രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
വിരമിച്ച ചില ജഡ്ജിമാര്‍ ജുഡീഷ്യറിയെ പ്രതിപക്ഷമാക്കാന്‍ ശ്രമിക്കുന്നുവെന്ന കഴിഞ്ഞ മാര്‍ച്ചിലെ പ്രതികരണമായിരുന്നു ഒടുവിലത്തെ പ്രകോപനം. എന്നാല്‍, ജുഡീഷ്യറിക്കെതിരായ റിജിജുവിന്റെ പരാമര്‍ശങ്ങള്‍ ചോദ്യംചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കഴിഞ്ഞ 15നു സുപ്രീം കോടതി തള്ളിയിരുന്നു.