പ്രണയ വിവാഹങ്ങളിൽ നിന്നാണ് വിവാഹ മോചനങ്ങളിൽ അധികവും നടക്കുന്നതെന്ന് സുപ്രിംകോടതി

ദില്ലി: ഭൂരിഭാഗം വിവാഹമോചനങ്ങളും പ്രണയ വിവാഹങ്ങളിൽ നിന്നാണെന്ന് സുപ്രിം കോടതി. വിവാഹ തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

തർക്കവുമായെത്തിയ ദമ്പതികൾ പ്രണയവിവാഹിതരാണെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. തർക്കം പരിഹരിക്കാൻ മദ്ധ്യസ്ഥതക്ക് കോടതി നിർദേശിച്ചെങ്കിലും ഭർത്താവ് ആദ്യം സമ്മതിച്ചില്ല. എന്നാൽ, അടുത്തകാലത്തുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ താങ്കളുടെ സമ്മതം കൂടാതെതന്നെ വിവാഹമോചനത്തിന് അനുമതി നൽകാൻ അധികാരമുണ്ടെന്ന് കോടതി ഭർത്താവിനെ ഓർമിപ്പിച്ചു. ഇതോടെ മധ്യസ്ഥ ചർച്ചക്ക് ഭർത്താവ് തയാറാവുകയായിരുന്നു.

കൂട്ടിയോജിപ്പിക്കാനാകാത്ത വിധം തകർന്ന ബന്ധമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ കക്ഷികളിൽ ഒരാൾ ഇത് അംഗീകരിക്കുന്നില്ലെങ്കിൽ പോലും വിവാഹമോചനത്തിന് അനുമതി നൽകാമെന്ന് സുപ്രിം കോടതി 2023 മെയ്മാസം ആദ്യം വിധിച്ചിരുന്നു. ഇതിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →