മറക്കാത്ത മനസുമായി തന്റെ അദ്ധ്യാപികയെ തേടി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കണ്ണൂരിലെത്തുന്നു

ദില്ലി: തന്റെ അദ്ധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ 2023 മെയ് 22 തിങ്കളാഴ്ച കണ്ണൂരിലെത്തും. സ്‌കൂളിൽ കണക്ക് പഠിപ്പിച്ച രത്‌ന ടീച്ചറെ കാണാനാണ് ഉപരാഷ്ട്രപതി പാനൂർ ചമ്പാട് എത്തുന്നത്. രാജസ്ഥാനിലെ സൈനിക് സ്‌കൂളിലാണ് ഉപരാഷ്ട്രപതിയെ അദ്ധ്യാപിക രത്‌ന നായർ പഠിപ്പിച്ചത്.

കണ്ണൂർ പാനൂരിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് സൈനിക സ്‌കൂളിൽ നിന്ന് വിരമിച്ച രത്‌ന നായർ. രാജസ്ഥാനിലെ ചിറ്റഗോർഗ്രാ സൈനിക സ്‌കൂളിൽ വർഷങ്ങളോളം സേവനം ചെയ്തു. അനവധി വിദ്യാർത്ഥികളുടെ ഗുരുനാഥ. റസിഡൻഷ്യൽ സ്‌കൂളിൽ ആറാം ക്ലാസ് മുതൽ 12 വരെ പഠിച്ച ജഗദീപ് ധൻകർ ഒടുവിൽ രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദവിയിൽ എത്തി. പതിറ്റാണ്ടുകൾക്ക് ഇപ്പുറം അന്നത്തെ സ്‌നേഹവും കരുതലും മറക്കാത്ത മനസുമായി തന്റെ അദ്ധ്യാപികയെ തേടി ധൻകർ വീണ്ടുമെത്തുന്നു.

1968ൽ സ്‌കൂൾ വിട്ട ധൻകർ മാതൃതുല്യമായ സ്‌നേഹം പകർന്നിരുന്ന അധ്യാപികയുമായി പഴയ ഊഷ്മളതയോടെ ബന്ധം തുടർന്നു. തന്റെ കണക്ക് ടീച്ചറെ തേടി ധൻകർ പാനൂർ ചമ്പാട്, തിങ്കളാഴ്ച വീണ്ടുമെത്തും. 83 കാരിയായ രത്‌ന ടീച്ചർക്ക് പഴയ ക്ലാസ് മുറിയിലെ മിടുക്കനായ വിദ്യാർത്ഥി യാണ് രാജ്യത്തിന്റെ ഉപരാഷ്ട്രപതി. എല്ലാ നേട്ടങ്ങൾക്കിടെയും അധ്യാപികയെ ഓർക്കാൻ ശിഷ്യനും മറന്നില്ല.

Share
അഭിപ്രായം എഴുതാം