ദില്ലി: ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി ഭരണ ഘടന ബെഞ്ച്. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനായില്ല. 2022 ഡിസംബറിൽ വിധി പറയാൻ മാറ്റിയ ഹർജിയിലാണ് 2023 മെയ് 18ന് പുറപ്പെടുവിച്ച വിധി. 2014 ൽ മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ബെഞ്ച് ആണ് ജല്ലിക്കെട്ട് നിരോധിച്ചത്.
ഹർജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് കെ.എം.ജോസഫ് അടുത്തതായി വിരമിക്കാനിരിക്കെയാണ് വിധി പ്രഖ്യാപനം. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ൽ സുപ്രിം കോടതി ജല്ലിക്കെട്ട് നിരോധിച്ചത്. 2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ജല്ലിക്കെട്ടിന് നിയമസാധുത നൽകി. ഇതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ ”പേട്ട ‘ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.