തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ്എഫ്‌ഐ ആൾമാറാട്ടം നടത്തിയെന്ന പരാതിയുമായി കെഎസ്‌യു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച വിദ്യാർത്ഥിനിയുടെ പേരിന് പകരം യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചത് സംഘടനാ നേതാവിന്റെ പേരാണെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്‌യു പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുമുണ്ട്. 2022 ഡിസംബർ 12നാണ് കോളേജിൽ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയും വിജയിച്ചു.
എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചപ്പോൾ അനഘയ്ക്ക് പകരം കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് നൽകിയത്. എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ല. വിശാഖിനെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എത്തിക്കാനുള്ള കൃത്രിമത്വമാണ് നടന്നതെന്നും കെഎസ്‌യു ആരോപിച്ചു.
പേര് മാറ്റി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. ആൾമാറാട്ടം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് കെഎസ്‌യു ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ക്രിസ്റ്റ്യൻ കോളേജിനോട് കേരളാ യൂണിവേഴ്‌സിറ്റി റിപ്പോർട്ട് തേടിയിട്ടുമുണ്ട്.