മികവ് നിലനിര്‍ത്താനാകാതെ രൂപ: വിപണിയില്‍ സംഭവിക്കുന്നതെന്ത്?

ഓഹരി വിപണിയിലേക്കുള്ള വിദേശ പണപ്രവാഹത്തില്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന റേഞ്ചിലേക്ക് സൂചിക സഞ്ചരിച്ചിട്ടും വിനിമയ വിപണിയില്‍ രൂപയ്ക്ക് തിരിച്ചടി നേരിട്ടു. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ടവാരം 5600 കോടി രൂപയുടെ നിക്ഷേപത്തിന് തയാറായിട്ടും ഡോളറിന് മുന്നില്‍ മികവ് നിലനിര്‍ത്താന്‍ ഇന്ത്യന്‍ നാണയം ക്ലേശിച്ചു. അതേസമയം ബോംബെ സൂചിക 973 പോയിന്റും നിഫ്റ്റി 245 പോയിന്റും പോയവാരം ഉയര്‍ന്നു.

ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 81.68ല്‍നിന്നും 82.22 ലേക്ക് ദുര്‍ബലമായെങ്കിലും വാരാന്ത്യം വിനിമയ നിരക്ക് 82.15 ലാണ്. വിദേശ നിക്ഷേപകര്‍ മൊത്തം 5626 കോടി രൂപ പോയവാരം നിക്ഷേപിച്ചു. കഴിഞ്ഞ പതിനൊന്ന് പ്രവര്‍ത്തിദിനങ്ങളില്‍ അവര്‍ 15,626 കോടി രൂപയുടെ ഓഹരി വാങ്ങി. ആഭ്യന്തര ഫണ്ടുകള്‍ പോയവാരം 650 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനൊപ്പം 1912 കോടി രൂപയുടെ വില്‍പ്പനയും നടത്തി.

ബി.എസ്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികള്‍ ഒരു ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഓട്ടോ ഇന്‍ഡക്സ് നാല് ശതമാനവും ബാങ്ക്, റിയല്‍റ്റി സൂചികളും മികവ് കാണിച്ചപ്പോള്‍ നിഫ്റ്റി പി.എസ്.യു. ബാങ്ക് സൂചികയ്ക്ക് നാല് ശതമാനം ഇടിവ്. ബി.എസ്. സെന്‍സെക്സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപണി മൂല്യത്തില്‍ മുന്നേറ്റം നടത്തി. എച്ച്.യു.എല്‍., എച്ച്.ഡി.എഫ്.സി. ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയും മികവിലാണ്. എല്‍ ആന്‍ഡ് റ്റി, ഐ.ടി.സി., ഇന്‍ഫോസീസ് എന്നിവയുടെ വിപണി മൂലധനത്തില്‍ കുറവ് സംഭവിച്ചു.

യു.എസ്. സമ്പദ് വ്യവസ്ഥയ്ക്ക് മുന്നില്‍ നാണയപ്പെരുപ്പം ഭീഷണിയായി തുടരുകയാണ്. തൊഴിലില്ലായ്മ സംബന്ധിച്ച് പുതിയ കണക്കുകള്‍ പകര്‍ച്ചപോലെ യുറോപ്യലേക്കും വ്യാപിക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നു. വിദേശത്തുനിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ ഇന്ത്യന്‍ വിപണിയെ ഏത് വിധത്തില്‍ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബോംബെ സൂചിക 61,054 പോയിന്റില്‍നിന്നുള്ള കുതിപ്പില്‍ 62,000 പ്രതിരോധം മറികടന്ന് 62,167 വരെ ഉയര്‍ന്നു. വ്യാപാരാന്ത്യം സെന്‍സെക്സ് 62,027 പോയിന്റിലാണ്. ഈ വാരം 62,444 പോയിന്റിലെ പ്രതിരോധം തകര്‍ക്കാനായാല്‍ സൂചിക തുടര്‍ന്ന് 62,860 നെ ലക്ഷ്യമാക്കി നീങ്ങാം. വിപണിയുടെ താങ്ങ് 61,331 പോയിന്റിലാണ്.
നിഫ്റ്റി സൂചിക 18,069 ല്‍നിന്നുള്ള മുന്നേറ്റത്തില്‍ കഴിഞ്ഞ വാരം വ്യക്തമാക്കിയ 18,262 ലെ തടസം മറികടന്ന് 18,389 പോയിന്റ് വരെ ഉയര്‍ന്നങ്കിലും വെളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 18,314 പോയിന്റിലാണ്.

മുന്‍ നിര ഓഹരികളായ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ. ബാങ്ക്, ആര്‍.ഐ.എല്‍., ടാറ്റാ മോട്ടേഴ്സ്, എയര്‍ടെല്‍, ഐ.റ്റി.സി., ടെക് മഹീന്ദ്ര എച്ച്.സി.എല്‍. ടെക്, മാരുതി ഓഹരി വിലകള്‍ ഉയര്‍ന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് എഴ് 17 ഡോളര്‍ ഇടിഞ്ഞു. ഔണ്‍സിന് 2017 ഡോളറില്‍ ഇടപാടുകള്‍ പുനരാരംഭിച്ച സ്വര്‍ണം 2040 ഡോളര്‍ റേഞ്ചിലേക്ക് നീങ്ങുന്നതിനിടയില്‍ ഫണ്ടുകള്‍ വില്‍പ്പന സമ്മര്‍ദവുമായി രംഗത്ത് ഇറങ്ങിയതോടെ സ്വര്‍ണവില 2000 ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 2010 ഡോളറിലാണ്.

Share
അഭിപ്രായം എഴുതാം