ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധസ്ഥലത്തുണ്ടായിരുന്ന പോലീസുകാരില്‍ ആരും മദ്യപിച്ചിരുന്നില്ലെന്നു ഡല്‍ഹി പോലീസ്. വൈദ്യപരിശോധനയിലൂടെ ഇതു സ്ഥിരീകരിച്ചതായും ഡി.സി.പി: പ്രണവ് തയാല്‍ പറഞ്ഞു. സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടന്നതിനെത്തുടര്‍ന്നാണു ഇടപെടേണ്ടി വന്നതെന്നും പോലീസ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പോലീസുകാരന്‍ തങ്ങളെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി വനിതാതാരങ്ങള്‍ പരാതിപ്പെട്ടിരുന്നു. രാത്രി സമരപ്പന്തലിലേക്കു കിടക്കകള്‍ എത്തിച്ചതു പോലീസ് തടഞ്ഞതിനെത്തുടര്‍ന്നാണു പ്രശ്‌നങ്ങളുണ്ടായത്. മഴയില്‍ നനഞ്ഞുപോയ കിടക്കകള്‍ക്കു പകരം കിടക്കകളും മടക്കിവയ്ക്കാവുന്ന കട്ടിലുകളുമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണു പോലീസ് തടഞ്ഞത്. ഇതിനിടെ, മദ്യപിച്ചെത്തിയ പോലീസുകാരന്‍ മര്‍ദിച്ചെന്നായിരുന്നു പരാതി. ബഹളത്തിനിടെ രണ്ടുപേര്‍ക്കു പരുക്കേറ്റു.
സംഘര്‍ഷത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. വനിതാ പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്. തങ്ങളുടെ മൈക്രാഫോണും ജനറേറ്റര്‍ സെറ്റും പോലീസ് എടുത്തുകൊണ്ടു പോയതായും സമരക്കാര്‍ പരാതിപ്പെട്ടു.
ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ കസ്റ്റഡിയിലെടുത്തതു മേഖലയിലെ ക്രമസമാധാനനില പരിഗണിച്ചാണെന്നും അവരെ വിട്ടയച്ചതായും ഡി.സി.പി. അറിയിച്ചു. അതിനിടെ, സംഘര്‍ഷത്തെക്കുറിച്ചു മാധ്യമങ്ങളോടു വിശദീകരിച്ച വനിതാ താരം വിനേഷ് ഫോഗട്ട് പൊട്ടിക്കരഞ്ഞു. ”ഞങ്ങള്‍ ഈ മെഡലുകള്‍ എല്ലാം നേടിയത് ഇങ്ങനെ ഒരു ദിവസത്തിനു വേണ്ടിയാണോ?. ആ പോലീസുകാരന്‍ ഞങ്ങളെ എല്ലാവരെയും തള്ളിയിട്ടു. ഇങ്ങനെ പെരുമാറാന്‍ ഞങ്ങള്‍ കുറ്റവാളികളല്ല. ഞങ്ങളെ കൊല്ലണമെങ്കില്‍ കൊല്ലൂ.” -വിനേഷ് ഫോഗട്ട് പറഞ്ഞു.
അതിനിടെ, ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരേ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ സുപ്രീം കോടതി നടപടികള്‍ അവസാനിപ്പിച്ചു.
പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും പരാതിക്കാര്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നു കോടതി വ്യക്തമാക്കി.