അരിക്കൊമ്പൻ സഞ്ചരിച്ചത് നാലുദിവസംകൊണ്ട് 40 കിലോമീറ്റർ

കുമളി: തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന അരിക്കൊമ്പൻ കേരള വനമേഖലയിലെ പെരിയാർ റേഞ്ചിനുള്ളിൽ തിരിച്ചെത്തി. 2023 മെയ് 4 ന് രാത്രിയോടെ തമിഴ്‌നാട് വനമേഖലയിൽ നിന്നും കേരളത്തിലേക്ക് കടന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ തമിഴ്‌നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജിപിഎസ് കോളറിൽ നിന്ന് സിഗ്‌നലുകൾ കൃത്യമായി ലഭിക്കുന്നുണ്ട്. നാലുദിവസംകൊണ്ട് 40 കിലോമീറ്റർ ആണ് കൊമ്പൻ സഞ്ചരിച്ചത്.

മെയ് 4ന് തമിഴ്‌നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ചു. തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തുകയായിരുന്നു. പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനം ഭാഗത്തു നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പൻ തിമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂർ മേഖല കടുവ സങ്കേതത്തിലേക്ക് കടന്നിരുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനമേഖലയിൽ നിന്ന് വനംവകുപ്പിന് സിഗ്‌നലുകൾ ലഭിച്ചിരുന്നു.

അരിക്കൊമ്പന്റെ ആരോഗ്യനില പൂർണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

Share
അഭിപ്രായം എഴുതാം