ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവിനെ സിപിഎമ്മിൽനിന്ന് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിലാണ് പാർട്ടി നടപടി. മർദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഭാര്യയുടെ പരാതി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിർദേശപ്രകാരം സിപിഎം കായംകുളം ഏരിയ സെക്രട്ടറി കമ്മിറ്റി യോഗം ചേർന്നാണ് ബിപിനെതിരെ നടപടിയെടുത്തത്.
മൂന്നുമാസം മുൻപാണ് ബിപിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. 2023 മെയ് 1 ഞായറാഴ്ച എം.വി.ഗോവിന്ദൻ ഉൾപ്പെട്ട സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം വീണ്ടും ചർച്ചയായി. ഗാർഹിക പീഡനം തെളിഞ്ഞതിനാൽ നടപടി വേണമെന്നു ഗോവിന്ദൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഇത്രയും നാൾ നടപടിയെടുക്കാത്തതിൽ ജില്ലാ നേതൃത്വത്തെ വിമർശിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ് മിനിസ.

