പുതു നിക്ഷേപകനാണോ നിങ്ങള്‍. പലതരം ഫണ്ടുകള്‍ കണ്ടിട്ട് എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നും നിക്ഷേപ നടത്തിയത് ശരിയാണോയെന്ന് വിലയിരുത്തുന്നതിലും ആശങ്കയുണ്ടോ? ഈ ആശങ്ക പരിഹരിക്കാന്‍ ഒരു മാര്‍ഗമെയുള്ളു. പലതരം നിക്ഷേപങ്ങളെ അടിസ്ഥാനപരമായി മനസിലാക്കുക എന്നതാണ് അത്. മ്യൂച്വല്‍ ഫണ്ടുകളില്‍ ഏറെ പ്രചാരത്തിലുള്ളവ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ്. പേരിലെ പ്രത്യേകത തന്നെയാണ് അവയെ വ്യത്യസ്ഥമാക്കുന്നതും. നിക്ഷേപം നടത്തുന്ന ഓരോ കമ്പനിയ്ക്കും വിപണി മൂല്യം ഉണ്ടാകുമെന്ന് അറിയാമല്ലോ. ഇതിനെ സാമ്പത്തിക ലോകം വിളിക്കുന്നത് മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ എന്നാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും വിപണി മൂല്യമുള്ള 100 കമ്പനികളാണ് ലാര്‍ജ് ക്യാപ് വിഭാഗത്തില്‍ വരുന്നത്. 101 മുതല്‍ 250 വരെയുള്ള സ്ഥാനത്തുള്ളവയെ മിഡ്ക്യാപ് എന്നും 251 മുതല്‍ മുകളിലേക്കുള്ളവയെ സ്‌മോള്‍ ക്യാപ് എന്നും പറയുന്നു.
ലാര്‍ജ് ക്യാപ് ഫണ്ടുകള്‍
പേര് പോലെ തന്നെ രാജ്യത്തെ വന്‍കിട കമ്പനികളൂടെ ഓഹിരികളില്‍ നിക്ഷേപിക്കപ്പെടുന്നവയാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. അതായത് നിക്ഷേപത്തിന്റെ 80 ശതമാനമെങ്കിലും ലാര്‍ജ് ക്യാപ് കമ്പനികളുടെ ഓഹരികളില്‍ മാത്രമായിരിക്കും. അതായത് ആദ്യത്തെ 100 കമ്പനികളിലെ നിക്ഷേപം. മുന്‍ നിര കമ്പനികളായതിനാല്‍ റിസ്‌ക് കുറവായിരിക്കും. അതികം റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്ത ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യം. ദീര്‍ഘകാലത്തില്‍ സ്ഥിരതയാര്‍ന്ന ആദായം പ്രതീക്ഷിക്കാം
മിഡ് ക്യാപ് ഫണ്ടുകള്‍
ആകെ നിക്ഷേപത്തിന്റെ 65 ശതമാനമെങ്കിലും മിഡ് ക്യാപ് കമ്പനികളുടെ ഓഹരികളില്‍ മാത്രം നിക്ഷേപം നടത്തുന്ന സ്‌കീമുകളാണ് മിഡ് ക്യാപ് ഫണ്ടുകള്‍. അതായത് വലുപ്പം അടിസ്ഥാനമാക്കി തയാറാക്കിയ റാങ്ക് പട്ടികയിലെ 101 മുതല്‍ 250 വരെയുള്ള കമ്പനികളുടെ ഓഹരികളിലാണ് മിഡ് ക്യാപ് ഫണ്ടുകള്‍ പണമിറക്കുന്നത്. ലാര്‍ജ് ക്യാപിനെ അപേക്ഷിച്ച് റിസ്‌ക് കൂടുതല്‍. ഇടത്തരം റിസ്‌ക് എടുക്കാന്‍ തയ്യാറാവുന്ന ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യം. ദീര്‍ഘകാലത്തില്‍ മികച്ച ആദായം പ്രതീക്ഷിക്കാം
സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍
സ്വാഭാവികമായും 251 മുതല്‍ മുകളിലോട്ട് വരുന്നവയാണ് സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍. ഏറ്റവും റിസ്‌കുള്ളവ. ഉയര്‍ന്ന നേട്ടം പ്രതീക്ഷിക്കാം. അത് പോലെ തന്നെ തകര്‍ച്ചയും ഉണ്ടാവാം. വലിയ ചാഞ്ചാട്ടങ്ങളുണ്ടാകാവുന്ന ഫണ്ട്.
ഫണ്ടുകളിലെ പ്രകടനം എങ്ങനെ വിലയിരുത്താം
പൊതുവെ നിക്ഷേപം ആരംഭിച്ച കുറച്ച് കാലം കഴിഞ്ഞാല്‍ ഫണ്ടിന്റെ പ്രകടനം മോശമാണെന്ന് പറഞ്ഞ് പേടിച്ച് പണം പിന്‍വലിക്കുന്ന പ്രവണതയുണ്ട്. എന്നാല്‍ ഹ്രസ്വകാലയളവിലെ പ്രകടനംനോക്കി തീരുമാനമെടുക്കരുതെന്നാണ് മ്യൂച്ചല്‍ ഫണ്ട് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പകരം അതേ കാറ്റഗറികളിലെ മറ്റ് ഫണ്ടുകളുടെ പ്രകടനം വിലയിരുത്തണം. അവയുടെ പ്രകടനവുമായി നമ്മുടെ ഫണ്ടുകള്‍ ആധാരമാക്കിയിട്ടുള്ള സൂചികയിലെ നേട്ടം താരതമ്യംചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ആറുമാസം കൂടുമ്പോഴും പ്രകടനത്തില്‍ വ്യത്യാസമുണ്ടാകുന്നില്ലെങ്കില്‍ നിക്ഷേപം മികച്ച ഫണ്ടിലേക്ക് മാറ്റാം. 12 മാസം മുതല്‍ 18 മാസംവരെ കാത്തിരുന്ന ശേഷം മാത്രമേ ഇത് ചെയ്യാവു. കൂടാതെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ബാധ്യതകൂടി അറിഞ്ഞിരിക്കണം. മോശം പ്രകടനം നടത്തിയ ഫണ്ടില്‍നിന്ന് പുറത്തുകടന്നാലുടനെ മികച്ച ഫണ്ടിലേയ്ക്ക് ആതുക നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം.