ന്യൂഡല്‍ഹി: കേന്ദ്രം ഉടക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ. യാത്ര ഉപേക്ഷിച്ചു. വിദേശകാര്യ മന്ത്രാലയം യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതു മറികടക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിക്കായി നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടു പ്രധാനമന്ത്രി കൈ കൊണ്ടത്.
ഏഴു മുതല്‍ 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എട്ടു മുതല്‍ പത്തു വരെ അബുദാബിയില്‍ നടക്കുന്ന യു.എ.ഇ. സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു യു.എ.ഇ. നേരിട്ട് ക്ഷണം നല്‍കിയതിലെ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണ് വിലക്ക്. യാത്രാ അനുമതി തേടി മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ യു.എ.ഇയുടെ ക്ഷണപത്രവും അടക്കം ചെയ്തിരുന്നു. വിദേശകാര്യമന്ത്രി ജയശങ്കര്‍ ഫയല്‍ നേരിട്ടു പരിശോധിച്ചാണ് അനുമതി നിഷേധിച്ചത്.
സംഗമത്തിനു മുഖ്യമന്ത്രി പങ്കെടുക്കാനുള്ള തരത്തില്‍ പ്രാധാന്യമില്ലെന്നു മറുപടിക്കത്തില്‍ കേന്ദ്രം വ്യക്തമാക്കി. നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ യു.എ.ഇ. വാണിജ്യ സഹമന്ത്രിയാണ് മുഖ്യമന്ത്രിക്കു ക്ഷണക്കത്തു നല്‍കിയത്. വാര്‍ഷിക നിക്ഷേപസംഗമത്തിന്റെ ഗോള്‍ഡന്‍ സ്‌പോണ്‍സറാണ് കേരളം. ഇതിനായിമാത്രം കേരളം പൊടിച്ചത് ഒന്നരക്കോടിയാണ്. ഉദ്ഘാടനച്ചടങ്ങില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ക്കു രണ്ട് വി.ഐ.പി. ചെയര്‍ ലഭിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിനും മീറ്റില്‍ സംസാരിക്കാന്‍ ക്ഷണമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നാണ് കേന്ദ്രം കേരളത്തിനയച്ച കത്തില്‍ വ്യക്തമാക്കുന്നത്.