ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം. അധികാരത്തിലുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം ബി.ജെ.പിക്കു നഷ്ടമാകുമെന്നും എ.ബി.പി.- സി വോട്ടര്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. ജനതദളി(എസ്)നു കാര്യമായ നേട്ടമുണ്ടാകില്ലെന്നും പ്രവചനം. മേയ് പത്തിനാണു സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.
സര്‍വേ പ്രകാരം 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107-119 സീറ്റാണ് പ്രതീക്ഷിക്കുന്നത്. 74-86 സീറ്റുമായി ബി.ജെ.പി. രണ്ടാമതെത്തും. ജെ.ഡി(എസ്) 23-35 സീറ്റിലൊതുങ്ങും. മറ്റുള്ളവര്‍ക്ക് 0-5 സീറ്റുകള്‍ ലഭിക്കാം. ഗ്രേറ്റര്‍ ബംഗളൂരു മേഖല (32 സീറ്റ്), സെന്‍ട്രല്‍ കര്‍ണാടക മേഖല (35 സീറ്റ്), മുംബൈ -കര്‍ണാടക മേഖല (50 സീറ്റ്), ഹൈദരാബാദ് കര്‍ണാടക മേഖല (31 സീറ്റ്) എന്നിവിടങ്ങളിലാകും കോണ്‍ഗ്രസിനു മുന്‍തൂക്കം. 55 സീറ്റുള്ള ഓള്‍ഡ്സൂ മൈസൂര്‍ മേഖലയില്‍ കോണ്‍ഗ്രസും ജെ.ഡി-എസും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കും. കോസ്റ്റല്‍ കര്‍ണാടക മേഖല(21 സീറ്റ്)യില്‍ മാത്രമാകും ബി.ജെ.പിക്കു നല്ല പ്രകടനം കാഴ്ചവയ്ക്കാനാകുക.