പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അംഗീകരിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ചില നിർണായക പാഠഭാഗങ്ങൾ ഒഴിവാക്കിയ എൻസിഇആർടി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു. ഉള്ളടക്കം യുക്തിസഹമാക്കുന്നു എന്ന പേരിൽ പാഠപുസ്തകങ്ങളിലെ പ്രധാന അധ്യായങ്ങളും ഭാഗങ്ങളും ഉപേക്ഷിക്കാനുള്ള എൻസിഇആർടിയുടെ സമീപകാല തീരുമാനത്തിൽ ആശങ്ക മന്ത്രി വി ശിവൻകുട്ടി രേഖപ്പെടുത്തി.

എന്നാൽ സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം(2022) തന്നെ ഇവ മാറ്റിയിരുന്നതാണെന്നും ഈ വർഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം. ആർഎസ്എസ് നിരോധനം, ജാതിവ്യവസ്ഥ, സാമൂഹിക പ്രസ്ഥാനങ്ങൾ തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അംഗീകരിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം 2020, കോവിഡ്19 മഹാമാരിക്കാലത്ത് ഉണ്ടായ അഭൂതപൂർവമായ സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റങ്ങൾ എന്നാണ് വിശദീകരണം. എന്നാൽ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ് എന്നീ പാഠപുസ്തകങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പഠിക്കേണ്ട ഭാഗങ്ങളും ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമം എന്ന ഭാഗവും ഒഴിവാക്കാനുള്ള തീരുമാനം അക്കാദമിക കാരണങ്ങളാൽ അല്ല എന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Share
അഭിപ്രായം എഴുതാം