പട്‌ന: ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ട മുന്‍ എം.പിയും രജപുത്രനേതാവുമായ ആനന്ദ് മോഹന്‍ സിങ്ങിന്റെ മോചനത്തിനു കളമൊരുക്കി ബിഹാര്‍ സര്‍ക്കാര്‍. ഐ.എ.എസ്. ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ആനന്ദ് മോഹന്‍ അടക്കം 27 പേരുടെ മോചനത്തിന് നിയമഭേദഗതിയിലൂടെ അവസരമൊരുക്കിയ നിതീഷ് സര്‍ക്കാര്‍ നടപടിക്കെതിരേ വിമര്‍ശനം.
ഗോപാല്‍ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായിരുന്ന ജി. കൃഷ്ണയ്യയെ 1994 ഡിസംബര്‍ അഞ്ചിന് മുസഫര്‍പൂരില്‍ വെടിവച്ചുകൊന്ന കേസിലാണ് ബിഹാര്‍ ബാഹുബലി എന്നറിയപ്പെടുന്ന ആനന്ദ് മോഹന്‍ ശിക്ഷിക്കപ്പെട്ടത്. ആനന്ദ് മോഹന്റെ പ്രകോപനമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. 2007-ല്‍ വിചാരണക്കോടതി ആനന്ദ് മോഹനു വധശിക്ഷ വിധിച്ച കേസില്‍ ആദ്യം െഹെക്കോടതിയും പിന്നീട് സുപ്രീം കോടതിയും ശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കുകയായിരുന്നു. ദളിത് വിഭാഗക്കാരനായ കൃഷ്ണയ്യയെ വെടിവച്ചുകൊല്ലാന്‍ ഭുത്കാന്‍ ശുക്ലയെന്ന അനുയായിക്ക് നിര്‍ദേശം നല്‍കിയത് ആനന്ദ് മോഹനാണെന്ന പത്ത് സാക്ഷികളുടെ മൊഴിയാണ് ശിക്ഷയ്ക്ക് ആധാരം. ആനന്ദ് മോഹന്റെ വെടിയേറ്റല്ല കൃഷ്ണയ്യ കൊല്ലപ്പെട്ടതെന്ന ഒറ്റ ന്യായീകരണമാണ് ശിക്ഷ ജീവപര്യന്തമായിക്കുറയ്ക്കാനുള്ള കാരണമായി മേല്‍ക്കോടതികള്‍ ചൂണ്ടിക്കാട്ടിയത്.
ബിഹാര്‍ ജയില്‍ചട്ടം ഭേദഗതി ചെയ്താണ് നിതീഷ് സര്‍ക്കാര്‍ ആനന്ദ് മോഹന്‍ ഉള്‍പ്പെടെ 27 പേരുടെ മോചനത്തിനു വഴിതുറന്നത്. സര്‍ക്കാര്‍ ജീവനക്കാരെ ജോലിക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ശിക്ഷായിളവിന് അര്‍ഹരല്ലെന്ന ജയില്‍ചട്ടം ഭേദഗതി ചെയ്യുകയായിരുന്നു. ഈമാസം ആദ്യമായിരുന്നു ഭേദഗതി നിയമസഭ പാസാക്കിയത്.
രജപുത്രനേതാവായ ആനന്ദ് മോഹനുള്ള ജനസ്വാധീനം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള തന്ത്രമാണ് ബിഹാറിലെ ജെ.ഡി(യു)-ആര്‍.ജെ.ഡി. സഖ്യസര്‍ക്കാര്‍ പയറ്റുന്നതെന്നാണ് വിമര്‍ശനം. മകനും ആര്‍.ജെ.ഡി. എം.എല്‍.എയുമായ ചേതന്‍ ആനന്ദിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനായി ആനന്ദ് മോഹന് പരോള്‍ ലഭിച്ചിരുന്നു. 24/04/23 തിങ്കളാഴ്ച നടന്ന വിവാഹനിശ്ചയച്ചടങ്ങില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ ഇരുവരും ആനന്ദ് മോഹനുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹനിശ്ചയദിവസം തന്നെയാണ് മോചനഉത്തരവും പുറത്തുവന്നത്. ഭരണകൂടത്തില്‍നിന്നു ലഭിച്ച അനുയോജ്യ സമ്മാനമെന്നായിരുന്നു ആനന്ദ് മോഹന്റെ കുടുംബത്തിന്റെ പ്രതികരണം.
അതേസമയം, സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരവും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് കൊല്ലപ്പെട്ട ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ഉമ കൃഷ്ണയ്യ പറഞ്ഞു. ജീവപര്യന്തം ശിക്ഷയെന്ന കോടതിവിധിയോടുപോലും യോജിച്ചിരുന്നില്ല. എത്ര വലിയ കുറ്റം ചെയ്ത് ജയിലില്‍ പോയാലും പിന്നീട് മോചിതനായി രാഷ്ട്രീയത്തില്‍ പ്രവേശിക്കാമെന്ന ധാരണ പൊതുമനസില്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നതാണു മോചനതീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് തീരുമാനം തിരുത്തിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും അവര്‍ പറഞ്ഞു. നിതീഷ് സര്‍ക്കാരിന്റെ നീക്കം ദളിത് വിരുദ്ധമാണെന്ന വിമര്‍ശനമുയര്‍ത്തി ബി.എസ്.പി. നേതാവ് മായാവതി രംഗത്തെത്തിയിട്ടുണ്ട്.