രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല: നിതിന്‍ ഗഡ്കരി

രത്‌നഗിരി: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല’, മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഇത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമ റിപ്പോര്‍ട്ടിനെ പരാമര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗഡ്കരി മുംബൈ-ഗോവ ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യോമനിരീക്ഷണം നടത്തി. മഹാരാഷ്ട്രയിലെ വ്യവസായ മന്ത്രി ഉദയ് സാമന്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുംബൈ-ഗോവ ദേശീയ പാത 66ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023 ഡിസംബറോടെ പൂര്‍ത്തിയാക്കും. 2024 ജനുവരിയില്‍ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ഗഡ്കരി പറഞ്ഞു. മുംബൈ-ഗോവ ഹൈവേ 10 പാക്കേജുകളായി തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം