തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടർന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്ത സിറിയക് ജോസഫ്, ഉപലോകയുക്ത ഹാറൂൺ ഉൽ റഷീദ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ് എന്നിവരാകും കേസ് പരിഗണിക്കുക.
കേസിൽ വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണു വിധി വരുന്നത്. വിധി വൈകുന്നതിനെതിരെ ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി 2023 ഏപ്രിൽ 3 ലേക്ക് കേസ് മാറ്റിയിരിക്കുന്നതിനിടെയാണ് ലോകായുക്ത വിധി പറയാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കിയായിരുന്നു ഹർജി. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ എ കെ.കെ രാമചന്ദ്രന്റെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനും പണം നൽകിയതിന് എതിരെയായിരുന്നു പരാതി.
കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള വിധി മുന്നിൽ കണ്ടാണ് നീക്കമെന്നായിരുന്നു ആക്ഷേപം.