എറണാകുളം: എന്റെ കേരളം പ്രദർശനം; കലാജാഥയ്ക്ക് നിറഞ്ഞ സ്വീകരണം

ഏപ്രിൽ ഒന്ന് മുതൽ മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന നാടൻ പാട്ട് കലാ ജാഥയെ വരവേറ്റ് യുവജനങ്ങൾ. നാടൻ പാട്ട് ഗായക സംഘം മഹാരാജാസ് കോളേജിൽ നടത്തിയ പരിപാടി വൻ കരഘോഷത്തോടെയാണ് യുവതയും വിദ്യാർത്ഥികളും ഏറ്റെടുത്തത്.

മഹാരാജാസ് കോളേജിൽ നിന്നായിരുന്നു ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചത്. കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും മികച്ച ആസ്വാദകരായി പാട്ടിന് താളം പിടിച്ചു. ഓരോ പാട്ട് അവസാനിക്കുമ്പോഴും ഹൃദ്യമായ കൈയടികളോടെയായിരുന്നു വരവേറ്റത്. തോപ്പുംപടി, ഫോർട്ടുകൊച്ചി, പള്ളുരുത്തി, പനങ്ങാട് മേഖലകളിലുംലും വ്യാഴാഴ്ച കലാ ജാഥ പര്യടനം നടത്തി. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ജില്ലയിൽ നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളും സർക്കാർ പദ്ധതികളും സംബന്ധിച്ച് വിവരങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശന വാഹനവും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കി ആവിഷ്കരിച്ചിട്ടുള്ള  മേളയുടെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈകിട്ട് ഏഴിന് മറൈൻഡ്രൈവിൽ നടക്കുന്ന ചടങ്ങിൽ   മുഖ്യമന്ത്രി പിണറായി വിജയൻ മേള നിർവഹിക്കും. ഏപ്രിൽ എട്ട് വരെ നടക്കുന്ന മേളയുടെ ഭാഗമായി എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കേരളം ഒന്നാമതെത്തിയ നേട്ടങ്ങളുടെ പ്രദര്‍ശനം, ടൂറിസം നേട്ടങ്ങള്‍, സര്‍ക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകള്‍, യുവാക്കള്‍ക്ക് സേവനം നല്‍കുന്ന യൂത്ത് സെഗ്മെന്റ്, വിദ്യാഭ്യാസ, തൊഴില്‍, കിഫ്ബി ബ്ലോക്കുകളും വിപണന മേളയും പ്രദര്‍ശനത്തില്‍ ഉണ്ട്. പ്രത്യേക ഫുഡ് കോര്‍ട്ടും ഏഴു ദിവസവും കലാ പരിപാടികളും ഉണ്ടാകും. കുട്ടികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ആക്ടിവിറ്റി ഏരിയയും സജ്ജമാക്കും.

Share
അഭിപ്രായം എഴുതാം