ഇടുക്കി: “ക്ലീന്‍ ഉപ്പുതറ-ഗ്രീന്‍ ഉപ്പുതറ” : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

‘ക്ലീന്‍ ഉപ്പുതറ-ഗ്രീന്‍ ഉപ്പുതറ’ എന്ന പേരില്‍ ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം കൊണ്ട് മാലിന്യമുക്ത ഉപ്പുതറ എന്ന ലക്ഷ്യത്തിലേക്കാണ് പഞ്ചായത്ത് ചുവട് വയ്ക്കുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ആക്കി മാറ്റുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. നമുക്കും എല്ലാ ജീവജാലങ്ങള്‍ക്കും വരും തലമുറകള്‍ക്കും വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രവൃത്തിയാണ് ആണ് ശാസ്ത്രീയമായി മാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്നത്. നമ്മുടെ വീടും പരിസരങ്ങള്‍ളും വൃത്തി ആക്കുന്നപോലെ തന്നെ നമ്മുടെ പൊതു ഇടങ്ങളും സംരക്ഷിച്ചു കൊണ്ട് പോകുവാന്‍ പ്രതിജ്ഞ എടുക്കേണ്ടതുണ്ട്‌. വരും കാലങ്ങളില്‍ ശുചിത്വമുള്ള സംസ്‌കാരത്തിന് ഉടമകളായി മാറുവാന്‍ ഇത് ഒരു തുടക്കമാകണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഓരോ വാര്‍ഡുകളും രണ്ടു ഗ്രൂപ്പുകള്‍ ആക്കി ഒരു ദിവസം കൊണ്ടു പരമാവധി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരുന്നത്. വില്ലേജ്, പോലീസ്, ഫയര്‍, ഫോറസ്റ്റ്, വ്യാപാരികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ ഉളളവര്‍, പൊതു ജനങ്ങള്‍, സിഡിഎസ്, എഡിഎസ്, ഐസിഡിഎസ്, ആശാ വര്‍ക്കേഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, എന്‍എസ്എസ്, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങി എല്ലാവരെയും ഉള്‍പെടുത്തി വിപുലമായാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്ലിന്‍ ഗുളികകളും വിതരണം ചെയ്തു.

ഉപ്പുതറ ടൗണില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സിനി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജയിംസ് തോക്കൊമ്പേല്‍, അസിസ്റ്റന്റ് സെക്രട്ടറി പി വി തോമസ്, എച്ച് ഐ അലക്‌സ് ടോം, എച്ച് ഐ റോയി മോന്‍ തോമസ്, ജെ എച്ച് ഐമാരായ ജോസഫ് ഡി മേരി , ശ്രീലാല്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം