മലപ്പുറം : ഒരു നാട് ഒന്നിച്ച് ജാതിമതഭേദമന്യേ നോമ്പ് എടുത്ത് വ്രതശുദ്ധിയോടെ ഇരിങ്ങാവൂർ നിവാസികൾ ഒന്നിച്ച് ഒരു കുടകീഴിൽ ഇരുന്ന് നോബ് തുറന്നു. മലപ്പുറം ഇരിങ്ങാവൂർ ചാത്തങ്ങാട് വിഷ്ണുക്ഷേത്ര പരിസരത്ത് കണ്ട കാഴ്ചയാണിത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചാണ് നോമ്പ്തുറ ഒരുക്കിയത്.
സാധാരണ പ്രതിഷ്ഠാദിനത്തിൽ ഇതര മതസ്ഥരും അന്നദാനത്തിലടക്കം ഇവിടെ പങ്കാളികളാകാറുണ്ട്. എന്നാൽ ഇത്തവണ റംസാൻ മാസമായതിനാൽ അതിന് കഴിഞ്ഞില്ല. ഇതോടെയാണ് ഇവർക്ക് പ്രത്യേകമായി നോമ്പ്തുറ സൗകര്യമൊരുക്കിയത്.
കഴിഞ്ഞ വർഷവും ചാത്തങ്ങാട് വിഷ്ണുക്ഷേത്രത്തിൽ നോമ്പ്തുറ സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനോട് ചേർന്നുള്ള സ്ഥലത്താണ് ഇതിനുള്ള പന്തലൊരുക്കിയത്