വിദ്വേഷ പ്രസംഗങ്ങളും മതവും ഇടകലർത്തരുത്: വിദ്വേഷ പ്രസംഗ വിഷയത്തില്‍ സുപ്രീംകോടതി പറഞ്ഞത്

മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാവുമെന്ന് സുപ്രീംകോടതി. മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കരുത്. രാഷ്ട്രീയവും മതവും വേര്‍തിരിക്കപ്പെടുന്ന നിമിഷം വിദ്വേഷ പ്രസംഗങ്ങള്‍ അവസാനിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട വിവിധ സംസ്ഥാനത്തെ അധികൃതര്‍ക്കെതിരായുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തതെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ചോദിച്ചു.”ഓരോ ദിവസവും, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിലര്‍ ടിവിയിലും പൊതുവേദിയിലും പ്രസംഗങ്ങള്‍ നടത്തുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മറ്റ് പൗരന്മാരെയോ സമുദായങ്ങളെയോ അപകീര്‍ത്തിപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ കഴിയാത്തത്.

എന്താണ് സഹിഷ്ണുത? സഹിഷ്ണുത എന്നത് ആരെയും സഹിക്കല്‍ അല്ല, മറിച്ച് വ്യത്യാസങ്ങള്‍ അംഗീകരിക്കലാണ്”-കോടതി ചൂണ്ടിക്കാട്ടി. പാകിസ്താനിലേക്ക് പോകൂ എന്ന് ചിലര്‍ പ്രസംഗിക്കുമ്പോള്‍ അത് രാജ്യത്തെ സഹോദരങ്ങളോടാണ് പറയുന്നതെന്ന് ഓര്‍മവേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, അടല്‍ ബിഹാരി വാജ്പേയി തുടങ്ങിയവരുടെ പ്രസംഗങ്ങളെക്കുറിച്ച് ജസ്റ്റിസ് ബി വി നാഗരത്ന പരാമര്‍ശിച്ചു. ‘നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, അടല്‍ ബിഹാരി വാജ്പേയി തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുമായിരുന്നു. ഇപ്പോള്‍ എല്ലാ ഭാഗത്ത് നിന്നുള്ള ഘടകകക്ഷികള്‍ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നു. ഞങ്ങള്‍ ഇപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ പോകുകയാണോ? അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും അഭാവത്തില്‍ നിന്നാണ് അസഹിഷ്ണുത ഉണ്ടാകുന്നത്’-ജസ്റ്റിസ് ബി വി നാഗരത്ന ചൂണ്ടിക്കാട്ടി.

Share
അഭിപ്രായം എഴുതാം