പ്രക്ഷോഭം, ഡല്‍ഹി പ്രക്ഷുബ്ധം

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനേത്തുടര്‍ന്നു ലോക്‌സഭാംഗത്വം നഷ്ടമായ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നടത്തിയ ചെങ്കോട്ട മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാത്രി വൈകിയും പ്രതിഷേധം തുടരുന്നു. പലയിടത്തും നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധം സംഘര്‍ഷഭരിതമായി. നേതാക്കളെ കയറ്റിയ പോലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.

ഇന്നലെ രാത്രി ഏഴോടെയാണു പന്തംകൊളുത്തി പ്രകടനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെങ്കോട്ടയിലെത്തിയത്. എന്നാല്‍, പന്തംകൊളുത്തുന്നത് അന്തരീക്ഷമലിനീകരണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി പ്രകടനത്തിനു പോലീസ് അനുമതി നിഷേധിച്ചു. കറുത്തവസ്ത്രമണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ ഇതോടെ മൊെബെല്‍ ഫ്‌ളാഷ് തെളിച്ച് പ്രതിഷേധിച്ചു.

ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മുന്‍കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍നിന്നുള്ള എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ തുടങ്ങിയവരെ വലിച്ചഴച്ച് വാഹനത്തില്‍ കയറ്റി. ഗുണ്ടാരാജാണു നടക്കുന്നതെന്നു ഹരീഷ് റാവത്ത് പ്രതികരിച്ചു. ആദ്യം മുദ്രാവാക്യം വിളിച്ച് റോഡിലിരുന്ന പ്രവര്‍ത്തകര്‍ പിന്നീട് പന്തംകൊളുത്തിയെങ്കിലും പോലീസ് പിടിച്ചുവാങ്ങി അണച്ചു.
വിലക്ക് മറികടന്നും പ്രവര്‍ത്തകര്‍ ചെറുസംഘങ്ങളായി രാജ്ഘട്ടിലേക്കു നടന്നു. കറുത്തവസ്ത്രമണിഞ്ഞെത്തുന്നവരെ കസ്റ്റഡിയിലെടുക്കാനായിരുന്നു പോലീസ് നീക്കം. ഇതറിഞ്ഞ പ്രവര്‍ത്തകരില്‍ പലരും കറുപ്പ് വസ്ത്രമുപേക്ഷിച്ചെങ്കിലും മുതിര്‍ന്നനേതാക്കളായ ജയ്‌റാം രമേശ് ഉള്‍പ്പെടെ കറുപ്പണിഞ്ഞുതന്നെ പ്രതിഷേധത്തില്‍ പങ്കെടുത്തു.

”ജനാധിപത്യത്തെ രക്ഷിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തി ഒരുമാസം നീളുന്ന സത്യഗ്രഹവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജയ് ഭാരത് സത്യഗ്രഹ എന്ന പേരിലുള്ള സമരം ഇന്നാരംഭിക്കും. ദേശീയതലത്തിലുള്ള സത്യഗ്രഹം ഏപ്രില്‍ എട്ടിനു സമാപിക്കും. തുടര്‍ന്ന്, 15-20 വരെ ജില്ലാതലത്തിലും 20-30 വരെ സംസ്ഥാനതലത്തിലും സത്യഗ്രഹം നടത്തും. സഹകരിക്കാന്‍ തയാറുള്ള രാഷ്ട്രീയകക്ഷികളെ ക്ഷണിക്കാന്‍ ഡി.സി.സികള്‍ക്കു നിര്‍ദേശമുണ്ട്. സംസ്ഥാനതലസത്യഗ്രഹത്തില്‍ മുതിര്‍ന്നനേതാക്കള്‍ ഒരുദിവസം നിരാഹാരമിരിക്കും. ഇതിലും മറ്റ് പാര്‍ട്ടികള്‍ക്കു ക്ഷണമുണ്ടാകും. മോദി-അദാനി സഖ്യം തുറന്നുകാട്ടുന്നതാകും പ്രതിഷേധങ്ങളെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം