തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനുള്ള യോജിച്ചുള്ള നടപടികളാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയതായും മന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ ഭൂമിയേറ്റെടുക്കൽ ശ്രമകരമായ ദൗത്യമായിരുന്നുവെന്നു മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അതിവേഗത്തിൽ ദേശീയ പാത വികസനത്തിന് നടപടികൾ സ്വീകരിക്കുകയും അവലോകന യോഗങ്ങൾ ചേർന്ന് നടപടി വിലയിരുത്തുകയും ചെയ്തു. ദേശീയപാത വികസനത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സർക്കാരാണിത്.

ചെറിയ ശതമാനം റോഡ് നിലവിൽ കേരള പൊതുമരാമത്ത് വകുപ്പിനു കീഴിലാണുള്ളത്. മലപ്പുറം -പുതുപ്പാടി, അടിമാലി – കുമളി റോഡ് നവീകരണത്തിന് വേണ്ടിയുള്ള പ്രപ്പോസലുകളും സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിക്കുകയും അനുഭാവ പൂർണമായ നടപടി സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കായി കേന്ദ്രവുമായി യോജിച്ച പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. ഇതോടൊപ്പം ദേശീയപാത വികസനത്തിന് വനം, വൈദ്യുതി, ജിയോളജി തുടങ്ങിയ വിവിധ വിവിധ വകുപ്പുകളുടെ ഏകോപനവും സാധ്യമാക്കുകയും ചെയ്യുന്നു.ദേശീയ പാത വികസനത്തിൽ സംസ്ഥാന സർക്കാരിനു പങ്കില്ല എന്ന തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം