ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി

ദോഹ: ഖത്തറിൽ 2023 മാർച്ച് 22 ബുധനാഴ്ച അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. ബുധനാഴ്ച രാവിലെ 8.30ഓടെയായിരുന്നു ദോഹ അൽ മൻസൂറയിൽ നാല് നിലകളുണ്ടായിരുന്ന അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണത്. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടിയുടെ (45) മൃതദേഹമാണ് ഏറ്റവുമൊടുവിൽ കണ്ടെത്തിയത്. മാർച്ച് 25 ശനിയാഴ്ച രാത്രി വൈകിയാണ് അബു ടി മമ്മാദൂട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇതോടെ നാല് മലയാളികൾ ഉൾപ്പെടെ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. പൊന്നാനി പൊലീസ് സ്റ്റേഷന് സമീപം തച്ചാറിന്റെ വീട്ടിൽ മമ്മാദൂട്ടിയുടെയും ആമിനയുടെ മകനാണ്. ഭാര്യ – രഹ്‍ന. മക്കൾ – റിഥാൻ (9), റിനാൻ (7).

മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് ഫൈസലിന്റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. പിന്നീട് മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്നിവരുടെ മൃതദേഹം ശനിയാഴ്ച പകൽ തന്നെ കണ്ടെടുത്തു. ഇതിന് ശേഷമാണ് രാത്രിയോടെ അബു ടി മമ്മാദൂട്ടിയുടെ മൃതദേഹവും കണ്ടെടുത്തത്. ജാർഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസൻ (26), ആന്ധ്രാപ്രദേശ് ചിരാൻപള്ളി സ്വദേശി ശൈഖ് അബ്‍ദുൽനബി ശൈഖ് ഹുസൈൻ (61) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.

പാറപ്പുറവൻ അബ്‍ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ് അപകടത്തിൽ മരിച്ച മുഹമ്മദ് ഫൈസൽ പാറപ്പുറവൻ (ഫൈസൽ കുപ്പായി – 48). ഭാര്യ – റബീന. മക്കൾ – റന, നദ, മുഹമ്മദ് ഫെബിൻ. നേരത്തെ ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഫൈസൽ രണ്ട് വർഷം മുമ്പാണ് ഖത്തറിലെത്തിയത്.  ഖത്തറിലും അറിയപ്പെടുന്ന ഗായകനും ചിത്രകാരനുമായി നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു. ബിൽശിയാണ് അപകത്തിൽ മരിച്ച പൊന്നാനി മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിലിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്. കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്റഫ് ഒരു മാസം മുമ്പാണ് ഖത്തറിൽ എത്തിയത്. ഭാര്യ – ഇർഫാന. ഒരു വയസിൽ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.

Share
അഭിപ്രായം എഴുതാം