ബെംഗളൂരു: വണ്‍വെബ് ഇന്ത്യ-2 ദൗത്യത്തിന്റെ ഭാഗമായുള്ള റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ സ്പേസ് പോര്‍ട്ടില്‍ നിന്ന് റോക്കറ്റ് വിക്ഷേപിച്ചത്. 36 ഉപഗ്രഹങ്ങളുമായാണ് ലോഞ്ച് വെഹിക്കിള്‍ കുതിച്ചുയര്‍ന്നത്. യു കെയിലെ വണ്‍വെബ് ഗ്രൂപ്പില്‍ പെടുന്ന ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുകയും ഈ വര്‍ഷാവസാനം ആഗോള സേവനങ്ങള്‍ ആരംഭിക്കാന്‍ കമ്പനിയെ സഹായിക്കുകയും ചെയ്യും. ഈ വര്‍ഷം ഐ എസ് ആര്‍ ഒ നടത്തുന്ന രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണമാണിത്. ഇതോടെ വണ്‍വെബിന്റെ 616 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തും. ‘ഇന്ത്യയില്‍ നിന്നുള്ള വണ്‍വെബിന്റെ രണ്ടാമത്തെ ഉപഗ്രഹ വിന്യാസമാണിത്. ദൗത്യം യു കെയും ഇന്ത്യന്‍ ബഹിരാകാശ വ്യവസായങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതാണ്.’ വണ്‍വെബ് വൃത്തങ്ങള്‍ വ്യക്തമാക്കി. 2022 ഒക്ടോബര്‍ 23 നും വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഐ എസ് ആര്‍ ഒ വിക്ഷേപിച്ചിരുന്നു.