കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ മിഷനുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും പുറത്ത് ഖലിസ്ഥാന്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്‍ക്കാര്‍. കാനഡയിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താത്തതിലുള്ള കടുത്ത പ്രതിഷേധം കനേഡിയന്‍ കമ്മീഷണറെ അറിയിച്ചു. നയതന്ത്രജ്ഞരുടെയും നയതന്ത്ര പരിസരത്തിന്റെയും സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കനേഡിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ നയതന്ത്ര വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യന്‍ വംശജനായ ഒരു മാധ്യമ പ്രവര്‍ത്തകനെയും തീവ്രവാദികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. പഞ്ചാബിലെ തീവ്ര സിഖ് മതപ്രഭാഷകന്‍ അമൃത്പാല്‍ സിങിനെയും കൂട്ടാളികളെയും അടിച്ചമര്‍ത്താന്‍ പോലീസ് ഊര്‍ജിത ശ്രമം നടത്തിവരികയാണ്. ഇന്നലെ അമൃത്പാല്‍ സിങിനെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് വന്‍ ഓപ്പറേഷന്‍ ആരംഭിക്കുകയും സിങിന്റെ നൂറിലധികം അനുയായികളെയും ‘വാരിസ് പഞ്ചാബ് ദേ’ ഗ്രൂപ്പിലെ അംഗങ്ങളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം