മോദി രാഹുലിനെ പേടിക്കുന്നോ? കോണ്‍ഗ്രസ് വാദങ്ങളും ബിജെപിയുടെ കരുനീക്കങ്ങളും

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ്. അദാനി വിഷയത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിലുള്ള പ്രതികാരമാണ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത എന്നാണ് കോണ്‍ഗ്രസ് നിലപാട്. പാര്‍ലിമെന്റില്‍ രാഹുലിന്റെ ശബ്ദം ഇല്ലാതാക്കിയതിന്റെ പേരില്‍ ബി ജെ പിയെ ആശ്വാസം കൊള്ളാന്‍ അനുവദിക്കാത്ത വിധം രാജ്യത്ത് വിഷയം ചര്‍ച്ച ചെയ്യാനും സര്‍ക്കാറിനെതിരെ എല്ലാ മതേതര കക്ഷികളേയും ഏകോപിപ്പിക്കാനുമുള്ള നീക്കങ്ങളുമായാണു കോണ്‍ഗ്രസ് രംഗത്തിറങ്ങുക.

മോദി രാഹുല്‍ ഗാന്ധിയെ ഭയപ്പെടുന്നു

2024ല്‍ മോദി രാഹുല്‍ ഗാന്ധിയെ ഭയപ്പെടുന്നു എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യ വിരുദ്ധമായ നീക്കമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തും. രാഹുല്‍ ഗാന്ധിക്കെതിരായ ഭരണകൂട നീക്കം മുന്‍ നിര്‍ത്തി പ്രതിപക്ഷ ഐക്യം രൂപീകരണത്തിനുള്ള നീക്കവും ശക്തമാണ്. കോണ്‍ഗ്രസ്സിനും ബി ജെ പിക്കും എതിരെ മൂന്നാം മുന്നണി എന്ന ലക്ഷവുമായി നീങ്ങുന്ന ആം ആദ്മി, ടി എം സി, ബി ആര്‍ എസ് അടക്കമുള്ള പാര്‍ട്ടികള്‍ രാഹുലിന് പിന്തുണയുമായി രംഗത്ത് വന്നതു പ്രതിപക്ഷ നിരയില്‍ വലിയ പ്രതീക്ഷയാണു നല്‍കുന്നത്.

ജോഡോ യാത്ര പ്രതിച്ഛായ തകര്‍ക്കാന്‍ ബിജെപി

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ നേടിയ പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യമിട്ടാണു ബി ജെ പി കരുക്കള്‍ നീക്കുന്നത്. രാഹുലിനെതിരായ നീക്കത്തെ ജാതീയമായി ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നാണ് ബി ജെ പി ക്യാമ്പില്‍ ആലോചന നടക്കുന്നത്. കോലാറിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അപമാനിച്ചത് മോദി സമുദായത്തെയാണെന്ന പ്രചാരണം കടുപ്പിക്കാനാണ് ബി ജെ പി നീക്കം.
മോദി സമുദായം ഒ ബി സി വിഭാഗത്തില്‍ പെട്ടതിനാല്‍ രാഹുല്‍ ഒ ബി സി വിഭാഗത്തെ അപമാനിച്ചെന്ന് ആരോപിച്ച് വലിയ കാമ്പയിന്‍ നടത്താനാണ് പരിപാടി. ഒ ബി സി മോര്‍ച്ച നേതാക്കള്‍ ഇതുമായി ബന്ധപെട്ട പ്രചാരണം രാജ്യവ്യാപകമായി നടത്തും.2024 ല്‍ ഒ ബി സി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാം എന്ന കണക്കുകൂട്ടലോടെയാണ് ഈ കാമ്പയിനു തുടക്കം കുറിക്കുന്നത്. രാഹുലിനെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയമായി കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുമോ എന്ന ആശങ്ക ബി ജെ പി ക്യാമ്പില്‍ പടര്‍ന്നിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം