അയോഗ്യനായോ വയനാട് എം.പി?

അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടപ്പെടുമോയെന്ന ആകാംക്ഷയില്‍ രാഷ്ട്രീയവൃത്തങ്ങള്‍. കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ച വിധി സ്റ്റേ ചെയ്താലേ രാഹുലിന് എം.പിയായി തുടരാനാകൂവെന്നാണു നിയമവിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ശിക്ഷ നടപ്പാക്കുന്നതു മാത്രമേ മരവിപ്പിച്ചിട്ടുള്ളൂ. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ എ. രാജ എം.എല്‍.എ. അയോഗ്യനാക്കപ്പെട്ട ദേവികുളം നിയമസഭാമണ്ഡലത്തിലും രാഹുല്‍ പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുമോയെന്ന ചര്‍ച്ചകളും രാഷ്ട്രീയവൃത്തങ്ങളില്‍ സജീവമായി. ശിക്ഷ മേല്‍ക്കോടതി ശരിവച്ചാലേ രാഹുല്‍ അയോഗ്യനാകൂവെന്നായിരുന്നു ആദ്യവിലയിരുത്തലുകള്‍. എന്നാല്‍, മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതോടെതന്നെ അദ്ദേഹം അയോഗ്യനായെന്നു ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതാവുകൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയുടെ പ്രതികരണവും ഇത് ശരിവയ്ക്കുന്ന തരത്തിലാണ്. അയോഗ്യതയ്ക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്നായിരുന്നു സിങ്വിയുടെ പ്രതികരണം. നിയമനടപടിക്കുള്ള സാവകാശം ഈ സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ എത്തില്ല

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ സെക്ഷന്‍8 (3) പ്രകാരം അയോഗ്യത ഭീഷണി നേരിടുന്നതിനാല്‍ രാഹുല്‍ ഗാന്ധി വിധിക്ക് സ്റ്റേ ലഭിക്കുന്നത് വരെ പാര്‍ലമെന്റില്‍ എത്തില്ലെന്നാണ് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അയോഗ്യത നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിന് പാര്‍ലിമെന്റിന് പ്രത്യേക ചട്ടങ്ങളില്ലെന്ന് പാര്‍ലിമെന്റ് സെക്രട്ടറിയേറ്റ് വൃത്തങ്ങളും പറയുന്നു. സാധാരണ ഗതിയില്‍ മുപ്പത് ദിവസം വരെ കാത്തിരുന്നതിന് ശേഷം നടപടികള്‍ ആരംഭിക്കുകയാണ് പതിവ്.

അയോഗ്യത നടപടി എങ്ങനെ?

ലോക്സഭാ സെക്രട്ടേറിയറ്റാകും അയോഗ്യത നടപടികള്‍ സ്വീകരിക്കുക. ജനപ്രതിനിധി ക്രിമിനല്‍ക്കേസില്‍ ശിക്ഷിപ്പെട്ടുവെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കറുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതിയുടെ അനുമതിയോടെ, കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷന് ലോക്സഭാ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം അയോഗ്യനായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനം കമ്മിഷന്‍ ലോക്സഭാ സ്പീക്കര്‍ക്ക് അയക്കും. സ്പീക്കര്‍ വിജ്ഞാപനത്തില്‍ ഒപ്പുവെക്കുന്നതോടെ അയോഗ്യത പ്രാബല്യത്തില്‍ വരും. എം.പി.സീറ്റില്‍ ഒഴിവും രേഖപ്പെടുത്തും.

Share
അഭിപ്രായം എഴുതാം