തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന് അകത്ത് തന്നെ നടക്കുന്ന ഗൂഢാലോചനയാണെന്ന് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ

കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിങ് ഉപകരാറിൽ സാക്ഷിയായി ഒപ്പിട്ടതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ. തന്റെ മകനും ഉപകരാർ നേടിയ കമ്പനി ഉടമയും വർഷങ്ങളായി സുഹൃത്തുക്കളാണെന്നാണ് എൻ വേണുഗോപാൽ പറയുന്നത്. ബയോമൈനിങ് ഉപകരാറിൽ ഒപ്പിട്ടതിൽ ഒരു തെറ്റുമില്ല. വിവാദത്തിൽ തന്റെ മകൻ വി വിഘനേഷ് പ്രതികരിക്കാനില്ലെന്നും എൻ വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘മകൻ ഒപ്പിട്ടോ ഇല്ലയോ എന്ന ഉറപ്പില്ല. അതിനെക്കുറിച്ച് അവനോട് ചോദിക്കാനുമില്ല. കാരണം ഒരു കരാറിൽ സാക്ഷി ആയി ഒപ്പിടുന്നത് ഒരിക്കലും തെറ്റല്ല. മകനും കമ്പനി ഉടമയും സുഹൃത്തുക്കളാണ്. സൗഹൃദത്തിന്റെ പേരിൽ ഒപ്പിടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ല’. എൻ വേണുഗോപാൽ പറഞ്ഞു.

തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന് അകത്ത് തന്നെ നടക്കുന്ന ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്റെ മരുമകനെതിരെയാണ് നിലവിൽ ആരോപണങ്ങൾ ഉയരുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു കോൺഗ്രസ് നേതാവാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്ന് താൻ അറിഞ്ഞു എന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പാർട്ടിയിൽ പരാതി നൽകും. ഈ കാര്യങ്ങൾ പ്രതിപക്ഷ നേതാവായ വിഡി സതീശനെയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളെയും അറിയിച്ചെന്നും എൻ വേണുഗോപാൽ പറഞ്ഞിരുന്നു

Share
അഭിപ്രായം എഴുതാം