പാലക്കാട്: ജില്ലാതല ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ചേര്‍ന്നു

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള എന്‍.ഒ.സി നല്‍കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ജില്ലാതല ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന കോഴിക്കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കടകള്‍ അംഗീകരിച്ച റെന്ററിങ് പ്ലാന്റുകളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കോഴി അറവുമാലിന്യങ്ങള്‍ ജില്ലയിലേക്ക് കൊണ്ടുവരുന്നത് തടയുന്നതിന് പോലീസിന്റെ കര്‍ശന പരിശോധനയും ആവശ്യപ്പെട്ടു. നിലവില്‍ ജില്ലയില്‍ ആറ് റെന്ററിങ് പ്ലാന്റുകള്‍ക്കാണ് ഡി.എല്‍.എഫ്.എം.സി. പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സീനിയര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എന്‍ കൃഷ്ണന്‍, പഞ്ചായത്ത് അസി. ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ശുചിത്വമിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് പി. ഹാറൂണ്‍ അലി, അസി. പ്രൊഫ. ഡോ. വൃന്ദ കെ. മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം