ലോക ജലദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 22ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്ത് ഐ.എം.ജി യിൽ നിർവഹിക്കും. രാവിലെ 10 നാണ് ചടങ്ങ്. വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രബന്ധങ്ങളുടെ അവതരണവും ചർച്ചയും നടക്കും.
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ലോകജലദിന സന്ദേശം “ജല ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാറ്റത്തെ ത്വരിതപ്പെടുത്തുക” എന്നതാണ്. എല്ലാ വർഷവും മാർച്ച് 22നാണ് ലോകജലദിനമായി ആചരിക്കുന്നത്. ഭൂമിയിൽ ജലമില്ലാതെ ജീവന് നിലനിൽപ്പില്ല. ജലത്തിന്റെ സുസ്ഥിര ഉപയോഗവും, സംരക്ഷണവും ഓരോരുത്തരുടെയും കടമയാണെന്നുള്ള അവബോധം ഓരോ കുടുംബങ്ങളിൽ നിന്നും ആരംഭിച്ചാൽ മാത്രമേ ശുദ്ധജല പ്രതിസന്ധി പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ. ഇതിനായി ജലഉപഭോഗ രീതികളും, ജലം സൗജന്യമാണെന്ന മനോഭാവവും മാറ്റുന്നതിലൂടെ ക്രിയാത്മകമായ മാറ്റം സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയും.
സംസ്ഥാന ജലവിഭവ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, നവകേരളമിഷൻ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള വിവിധങ്ങളായ വകുപ്പുകൾ തനതു ഫണ്ട് ഉപയോഗപ്പെടുത്തി ശാസ്ത്രീയമായ ജലസംരക്ഷണ മാർഗങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നുണ്ട്. കൂടാതെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച “ജൽശക്തിഅഭിയാൻ” മുഖാന്തിരം ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തിന് അവസരമൊരുക്കുന്നു. കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ഉപയോഗപ്പടുത്തി കേരളത്തിൽ നടപ്പിലാക്കിവരുന്ന “ജൽജീവൻമിഷൻ” സംസ്ഥാനത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും, സുരക്ഷിതമായ കുടിവെള്ളം 2024 വർഷത്തോടെ ഉറപ്പുവരുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്.