കനയ്യകുമാറിന് അഖിലേന്ത്യ അധ്യക്ഷ പദവി പരിഗണിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സിപിഐയില്‍ നിന്നെത്തിയ കനയ്യകുമാറിന് നേതൃനിരയില്‍ വലിയ ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ പദവിയോ ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ കനയ്യകുമാറിനെ പരിഗണിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനും സിപിഐഎ നേതാവുമായിരുന്ന കനയ്യകുമാര്‍ 2021ലാണ് കോണ്‍ഗ്രസില്‍ എത്തിയത്. ഡല്‍ഹി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് കനയ്യകുമാറിനെ ഡല്‍ഹിയിലെത്തിച്ച് സംസ്ഥാന അധ്യക്ഷ പദവി നല്‍കാനുള്ള ആലോചന. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷനായ ബിവി ശ്രീനിവാസ് പദവിയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ തേടുന്നുണ്ട്. പുതിയ അധ്യക്ഷനായി കനയ്യകുമാര്‍ സ്ഥാനത്തേക്ക് വന്നാല്‍ സംഘടനക്ക് പുത്തന്‍ ഉണര്‍വുണ്ടാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

Share
അഭിപ്രായം എഴുതാം