ഖലിസ്ഥാന്‍ നേതാവ് അമൃത് പാല്‍ സിങിനെ പിടികൂടാനുള്ള ശ്രമങ്ങളും അതിനെതിരായ പ്രതിഷേധങ്ങളുമാണ് പഞ്ചാബിനെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ രണ്ടാം കര്‍ഷക സമരത്തിനും ആരംഭം കുറിക്കപ്പെടുമ്പോള്‍ നിലവിലെ പോലിസ് നീക്കങ്ങള്‍ നിര്‍ണായകമാണ്. കാരണം മൂന്ന് ദിവസത്തിലധികമായി പോലിസ് തിരയുന്ന അമൃത് പാല്‍ സിങാണ് ഒന്നാം കര്‍ഷക സമരത്തില്‍ പ്രതിഷേധ മാര്‍ച്ചില്‍, 2021 ജനുവരി 26ന് ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ സന്ദീപ് സിദ്ധു ആരംഭിച്ച വാരിസ് പഞ്ചാബ് ദേ സംഘടനയുടെ നിലവിലെ ചുമതലക്കാരന്‍. സംസ്ഥാനത്തെ യുവാക്കളെ സിഖ് മതത്തിന്റെ തത്ത്വങ്ങള്‍ പിന്തുടരാനും ഖല്‍സാ രാജ് (സിഖ് സാമ്രാജ്യം) സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
അമൃതപാല്‍ സിങ് ആരാണ്?
കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വാദിയായ ജര്‍നെയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ അനുയായിയാണ് അമൃതപാല്‍ സിങ്. ഇപ്പോള്‍ ഭിന്ദ്രന്‍വാല രണ്ടാമന്‍ എന്നറിയപ്പെടുന്നു. ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ സ്ഥാപകനും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിന്റെ മരണത്തെത്തുടര്‍ന്ന് അതിന്റെ നിയന്ത്രണം ഏറ്റെടുത്തത് അമൃതപാല്‍ ആണ്.
വാരിസ് പഞ്ചാബ് ദേയും സന്ദീപ് സിദ്ധുവും
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2021 സെപ്തംബര്‍ 30ന് അഭിഭാഷകനും നടനും ആക്ടിവിസ്റ്റുമായ സന്ദീപ് സിദ്ധു എന്ന ദീപ് സിദ്ധുവാണ് ‘വാരിസ് പഞ്ചാബ് ദേ’ (പഞ്ചാബിന്റെ അവകാശികള്‍) എന്ന സംഘടന ആരംഭിച്ചത്. ”പഞ്ചാബിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പോരാടുന്നതിനും സാമൂഹിക പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനുമുള്ള സമ്മര്‍ദ്ദ ഗ്രൂപ്പ് എന്ന നിലയിലാണ് ഇതിനെ അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ബില്ലിനെതിരെ നടന്ന 2020ലെ കര്‍ഷക സമരത്തിലൂടെയാണ് സിദ്ധു വാര്‍ത്തകളില്‍ നിറഞ്ഞത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് സിദ്ധുവിനെതിരെ കേസെടുത്തു. കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചില്‍, 2021 ജനുവരി 26ന് ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയെന്നാരോപിച്ചായിരുന്നു കേസ്. എട്ട് മാസത്തിന് ശേഷം സെപ്റ്റംബറില്‍ സിദ്ധു ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടന ആരംഭിച്ചു. ചണ്ഡീഗഡില്‍ നടന്ന സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെ പഞ്ചാബിന്റെ അവകാശങ്ങള്‍ക്കായി കേന്ദ്രത്തിനെതിരെ പോരാടുകയും പഞ്ചാബിന്റെ സംസ്‌കാരം, ഭാഷ, സാമൂഹിക ഘടന, അവകാശങ്ങള്‍ എന്നിവയ്ക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടാകുമ്പോഴെല്ലാം ശബ്ദം ഉയര്‍ത്തുകയും ചെയ്യുന്ന ഒരു സംഘടന എന്നാണ് സിദ്ധു ഇതിനെ വിശേഷിപ്പിച്ചത്.
സിദ്ധുവിന്റെ ഉദ്ഘാടന പ്രസംഗത്തിലെ വാക്കുകള്‍
”1947നുശേഷവും പഞ്ചാബിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല, നമ്മുടെ സാംസ്‌കാരിക ഇടം ഡല്‍ഹി ഞങ്ങള്‍ക്ക് തിരികെ നല്‍കിയില്ല. ഈ സംഘടന ദീപ് സിദ്ധുവിനെക്കുറിച്ചല്ല, പഞ്ചാബിന്റെ അവകാശങ്ങളെക്കുറിച്ചാണ്. ഭരണകൂടത്തിനെതിരായ പോരാട്ടമാണ്… പഞ്ചാബികള്‍ക്കെതിരായ ”മാനസിക വംശഹത്യ” ഇപ്പോഴും തുടരുകയാണ്. വിദ്യാഭ്യാസവും ആരോഗ്യവും ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിലയില്‍ എത്തിക്കുന്നത് മുതല്‍ പഞ്ചാബിന്റെ ഭാഷ, സംസ്‌കാരം, അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും ശ്രീ ഗുരു ഗ്രന്ഥ സാഹിബിനോടുള്ള ബഹുമാനം പുനഃസ്ഥാപിക്കുന്നതിനും… എല്ലാത്തിനും വേണ്ടി ഞങ്ങള്‍ പോരാടും,” സിദ്ദു ചടങ്ങില്‍ വിശദീകരിച്ചു. പഞ്ചാബിനെക്കുറിച്ചും അതിന്റെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന പാര്‍ട്ടിയെ മാത്രമേ തന്റെ മുന്നണി പിന്തുണയ്ക്കൂ എന്നും സിദ്ദു പ്രഖ്യാപിച്ചു.
സിദ്ധുവിന്റെ മരണം
സിമ്രന്‍ജിത് സിങ് മാനിന്റെ ഖാലിസ്ഥാന്‍ അനുകൂല പാര്‍ട്ടിയായ ശിരോമണി അകാലി ദള്‍ (എസ്എഡി അമൃതസര്‍) സിദ്ധു പിന്തുണയ്ക്കുകയും പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് 2022 ഫെബ്രുവരി 15ന് നടന്ന കാര്‍ അപകടത്തില്‍ സിദ്ധു മരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
സിമ്രന്‍ജിത് സിങ് മന്‍ അമര്‍ഗഡ് നിയമസഭാ സീറ്റില്‍ മത്സരിച്ചു തോറ്റു, എന്നാല്‍, പിന്നീട് സിമ്രന്‍ജിത് സിങ് മാന്‍ സംഗ്രൂര്‍ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. സിദ്ധുവിന്റെ മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിമ്രന്‍ജിത് സിങ് മാന്‍ ആവശ്യപ്പെട്ടു. ”റിപ്പബ്ലിക് ദിന അക്രമത്തില്‍ സിദ്ധുവിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഗൂഢാലോചന” എന്നാണ് സിദ്ധുവിന്റെ മരണത്തെക്കുറിച്ച് മാന്‍ അഭിപ്രായപ്പെട്ടത്.
അമൃതപാല്‍ സിങ് ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനാകുന്നു
ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ പൂര്‍വിക ഗ്രാമമായ മോഗ ജില്ലയിലെ റോഡെയില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കി അമൃതപാല്‍ സിങ് 2022 സെപ്തംബര്‍ 29ന് വാരിസ് പഞ്ചാബ് ദേയുടെ തലവനായി ചുമതലയേറ്റു. പിന്നാലെ അമൃത്പാലിനെതിരേ സിദ്ധുവിന്റെ കുടുംബം രംഗത്തെത്തിയതോടെ വിവാദങ്ങളും തുടങ്ങി.”ഞങ്ങള്‍ അമൃത്പാലിനെ മുന്‍പ് കണ്ടിട്ടില്ല.ദീപും അവനെ കണ്ടിട്ടില്ല. ദീപുമായി കുറച്ചുനാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ദീപ് അയാളെ ബ്ലോക്ക് ചെയ്തു. എങ്ങനെയാണ് എന്റെ സഹോദരന്റെ സംഘടനയുടെ തലവനായി സ്വയം പ്രഖ്യാപിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുകയാണ്. അവന്‍ എങ്ങനെയോ എന്റെ സഹോദരന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് അക്‌സസ് നേടുകയും അവയില്‍ ചിത്രങ്ങളും മറ്റും ഇടാന്‍ തുടങ്ങുകയും ചെയ്തുവെന്ന്, ‘ ലുധിയാനയിലെ അഭിഭാഷകനും ദീപ് സിദ്ധുവിന്റെ സഹോദരനുമായ മന്‍ദീപ് സിങ് സിദ്ധു പറഞ്ഞു.എന്നാല്‍,സിദ്ധുവിന്റെ അനുയായികളാണ് അമൃത്പാലിനെ സംഘടനയുടെ തലവനാക്കിയതെന്നാണ് അമൃത്പാലിന്റെ അമ്മാവന്‍, യുകെയില്‍നിന്നു പഞ്ചാബിലേക്ക് മടങ്ങിയെത്തിയ ഹര്‍ജിത് സിങിന്റെ അവകാശവാദം.
ഒരേ പേരില്‍ രണ്ട് സംഘടന വാരിസ് പഞ്ചാബ് ദേ
ഇപ്പോള്‍ വാരിസ് പഞ്ചാബ് ദേ എന്ന പേരില്‍ രണ്ടു സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിദ്ധു രൂപീകരിച്ച യഥാര്‍ത്ഥ ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവന്‍ ഹര്‍നേക് സിങ് ഉപ്പലാണ്. രണ്ടാമത്തേതാണ് അമൃത്പാല്‍ തലവനായ സംഘടന. ഈ സംഘടനയുമായി ഞങ്ങള്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നാണ് മന്‍ദീപ് പറയുന്നത്.