ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെയുള്ള രണ്ടാം കര്‍ഷക പോരാട്ടത്തിന് തയ്യാറെടുത്ത് കര്‍ഷകര്‍. ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന മഹാപഞ്ചായത്തോടെയായിരിക്കും സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുകയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന മഹാപഞ്ചായത്തില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
2021 ഡിസംബര്‍ 9-ന് രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ കേന്ദ്രം പാലിക്കുകയും കര്‍ഷകര്‍ നേരിടുന്ന വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധി ലഘൂകരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകുകയും വേണമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ കര്‍ഷക നിയമം റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ഒരു വര്‍ഷത്തോളം കര്‍ഷകര്‍ ദില്ലിയില്‍ പ്രക്ഷോഭം നയിച്ചിരുന്നു. എംഎസ്പി പാനല്‍ രൂപീകരിക്കുന്നതും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതും ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നായിരുന്നു പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് നേതാക്കള്‍ വിമര്‍ശിച്ചു.