റഷ്യ കീഴടക്കിയ യുക്രൈന്‍ നഗരത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പുടിന്‍

മരിയുപോള്‍: റഷ്യന്‍ സൈന്യം കീഴടക്കിയ യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. റഷ്യന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. കനത്ത ആക്രമണത്തിനൊടുവിലാണ് റഷ്യന്‍ സൈന്യം ഈ നഗരം കീഴടക്കിയത്.

ഹെലികോപ്ടറിലാണ് പുടിന്‍ മരിയുപോളിലെത്തിയത്. നഗരത്തിലെ തെരുവിലൂടെ രാത്രി പുടിന്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതും പ്രദേശവാസികളോട് സംസാരിക്കുന്നതും കാണിക്കുന്ന വീഡിയോയും റഷ്യ പുറത്തുവിട്ടിട്ടുണ്ട്. കാറില്‍ അദ്ദേഹത്തിനൊപ്പം ഉപ പ്രധാനമന്ത്രി മരാത് ഖുസ്നുല്ലിനുമുണ്ടായിരുന്നു. നഗരം എങ്ങനെയാണ് പുനര്‍നിര്‍മിച്ചതെന്ന് ഉപ പ്രധാനമന്ത്രി പുടിന് വിശദീകരിക്കുന്നത് വീഡിയോയില്‍ കാണാം. റഷ്യ പുതുതായി പിടിച്ചടക്കിയ യുക്രൈന്‍ മേഖലയിലേക്കുള്ള പുടിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. മരിയുപോളിന്റെ കിഴക്ക് ഭാഗത്തെ റഷ്യന്‍ നഗരമായ റോസ്തോവ്- ഓണ്‍- ഡോണിലെ സൈനിക കമാന്‍ഡര്‍മാരുമായും പുടിന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം