മറുപടി പാര്‍ലമെന്റില്‍ നല്‍കാന്‍ ആഗ്രഹമെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശത്തുവച്ച് രാജ്യത്തെ അപമാനിച്ചെന്ന ആരോപണത്തിന് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ ഗാന്ധി. ലണ്ടനില്‍ നടത്തിയ പരാമര്‍ശം വിവാദമായശേഷം ആദ്യമായി ലോക്‌സഭയില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന ഉദ്ദേശത്തോടെയാണു പാര്‍ലമെന്റിലെത്തിയതെന്നും എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ സഭ നിര്‍ത്തിവച്ചതായും രാഹുല്‍ പറഞ്ഞു. ബി.ജെ.പിക്കാര്‍ സംസാരിക്കാന്‍ അനുവദിക്കുമെന്ന് ഇനി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പ്രഭാഷണത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവിലുള്ള അവസ്ഥയെ രാഹുല്‍ ഗാന്ധി ചോദ്യംചെയ്തത്. രാജ്യത്ത് ജനാധിപത്യം സമ്മര്‍ദത്തിലാണെന്നും പ്രതിപക്ഷശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നുമായിരുന്നു പരാമര്‍ശം. തൊട്ടുപിന്നാലെ രാഹുല്‍ രാജ്യത്തെ അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. പാര്‍ലമെന്റിലും പുറത്തും രാഹുല്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രിമാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഭയിലെത്തിയപ്പോള്‍ സംസാരിക്കാന്‍ അവസരമുണ്ടാകാതിരുന്നത് രാഹുലിനെ അസ്വസ്ഥനാക്കി.

”ഇന്ത്യന്‍ ജനാധിപത്യം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ തന്റെ ഭാഗം പറയാമായിരുന്നു. നിങ്ങള്‍ കാണുന്നത് ജനാധിപത്യത്തിന്റെ പരീക്ഷണമാണ്. ആരോപണങ്ങളുന്നയിക്കാന്‍ നാലു മന്ത്രിമാര്‍ക്കു നല്‍കിയ ഇടം എം.പിയായ തനിക്ക് മറുപടി പറയാന്‍ ലഭിക്കുമോ?’ രാഹുല്‍ ചോദിച്ചു. സഭയില്‍ സംസാരിക്കുന്നത് തന്റെ അവകാശമാണെന്നു സൂചിപ്പിച്ച രാഹുല്‍, അതിനുള്ള അനുമതിയെക്കുറിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി ചര്‍ച്ച ചെയ്തതായും അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ ഉറപ്പൊന്നും നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് തന്റെ ലണ്ടന്‍ പരാമര്‍ശങ്ങള്‍ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും രാഹുല്‍ ആരോപിച്ചു. ഗൗതം അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധത്തെക്കുറിച്ചുള്ളതാണ് അടിസ്ഥാനപരമായ ചോദ്യം. സര്‍ക്കാരും പ്രധാനമന്ത്രിയും ഈ വിഷയത്തില്‍ ഭയക്കുന്നു. അതില്‍നിന്നുണ്ടായതാണ് മുഴുവന്‍ വിവാദങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്ന് ഇന്നലെ രാവിലെ എന്‍.ഡി.ടിവിയോടു സംസാരിക്കവെ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇതിനിടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും രാഹുലിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തി. രാജ്യത്തെ ദ്രോഹിക്കാനോ അപമാനിക്കാനോ അദ്ദേഹം ശ്രമിച്ചാല്‍, പൗരന്മാരെന്ന നിലയില്‍ ഞങ്ങള്‍ക്കു നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നു റിജിജു പറഞ്ഞു. രാജ്യം കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിക്കളഞ്ഞത് വിദേശത്തുവച്ച് രാജ്യത്തെ കളങ്കപ്പെടുത്താന്‍ കാരണമല്ല- കിരണ്‍ റിജിജു പറഞ്ഞു.
വിദേശയാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതു ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ്, രാഹുല്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടിലാണ്. വിദേശരാജ്യങ്ങളില്‍ മോദി രാജ്യത്തെ അപമാനിച്ചിട്ടുണ്ടെന്ന് രാഹുലിന്റെ മാപ്പ് ആവശ്യപ്പെടുന്നവരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഓര്‍മിപ്പിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം