ബ്രഹ്മപുരം ദുരന്തം നാലുവർഷം മുൻപേ പ്രവചിച്ച ഡോക്യുമെന്ററി ചർച്ചയാവുന്നു

കൊച്ചി: ബ്രഹ്മപുരം സൃഷ്ടിച്ച ഭീതികൾ നാലു വർഷം മുൻപേ പ്രവചിച്ച ഡോക്യുമെന്ററി ഇപ്പോൾ ശ്രദ്ധ നേടുന്നു. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമാണ് ബ്രഹ്മപുരത്ത് ഉണ്ടായിരിക്കുന്നത്. 700ലധികം പേർ ആശുപത്രികളിലായി. ആയിരങ്ങൾ ചികിത്സ തേടി. പതിനായിരങ്ങൾ വിഷപ്പുക ശ്വസിച്ച് വിഷമങ്ങളുമായി കഴിയുന്നു. ഗർഭിണികളെയും, ഗർഭസ്ഥ ശിശുവിനെയും, നവജാത ശിശുക്കളെയും കൂടുതൽ പ്രതികൂലമായി ബാധിക്കും. ജനിതക വൈകല്യങ്ങൾക്കും കാരണമായേക്കാം. ഈ ഭീതികൾ സമൂഹത്തിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിലാണ് അപകട സാധ്യത നേരത്തെ തന്നെ വ്യക്തമാക്കിയ ഡോക്യുമെന്ററി ചർച്ചയാവുന്നത്.

മഹേഷ് മാനസിന്റെ സംവിധാനത്തിൽ വെസ്റ്റേൺ ഘട്ട്സ് പ്രൊഡക്ഷൻസ് ആണ് ഈ ഡോക്യുമെന്ററി നിർമ്മിച്ചത്. രചന: ശ്രീ പ്രസാദ്, ക്യാമറ: ഉണ്ണിക്കണ്ണൻ. നാലുവർഷം മുമ്പ് ഡോക്യുമെന്ററി വന്നിട്ടും അത് നൽകിയ മുന്നറിയിപ്പ് പൊതുസമൂഹവും ചുമതലക്കാരും ശ്രദ്ധിക്കാതെ പോയി. ജനസാന്ദ്രമായ കൊച്ചി ഒളിപ്പിച്ചുവെച്ചിരുന്ന ദുരന്തത്തെപ്പറ്റി ഈ ഡോക്യുമെന്ററി ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിട്ടും അതിന് കണ്ണും കാതും കൊടുക്കാത്തതിന്റെ പേരിൽ ബന്ധപ്പെട്ടവർക്ക് ഇനിയെങ്കിലും ലജ്ജിക്കാം. ബ്രഹ്മപുരത്തിന്റെ ഭീകരത പ്രവചിച്ച ഡോക്യുമെന്ററി വൈകിയാണെങ്കിലും കണ്ടിരിക്കേണ്ടതാണ്.

Share
അഭിപ്രായം എഴുതാം