സോൺടക്കെതിരെ പോരിനൊരുങ്ങി കണ്ണൂർ കോർപറേഷൻ; അഡ്വാൻസ് വാങ്ങിയ 68 ലക്ഷം തിരികെ നൽകണം; നിയമനടപടിയിലേക്ക്

തിരുവനന്തപുരം: കണ്ണൂർ‌ കോർപറേഷനും സോൺട ഇൻഫ്രാടെകും തമ്മിൽ പോര്. ബയോ മൈനിം​ഗിനായി അഡ്വാൻസ് നൽകിയ 68 ലക്ഷം തിരികെ നൽകണമെന്ന് ന​ഗരസഭ. പ്രവർത്തിയുടെ മുന്നൊരുക്കത്തിനായി  60 ലക്ഷം ചെലവായതായി സോൺട. എന്നാൽ സോൺടക്ക് ചെലവായത് 7.5 ലക്ഷം മാത്രമെന്നാണ് ന​ഗരസഭ എഞ്ചിനീയറിം​ഗ് വിഭാ​ഗത്തിന്റെ വെളിപ്പെടുത്തൽ. പണം തിരികെ പിടിക്കാൻ നിയമ നടപടികളുമായി കോർപറേഷൻ. 

സോൺട ഇന്‍ഫ്രാടെക് കമ്പനിക്കെതിരെ  കണ്ണൂർ കോര്‍പറേഷൻ രംഗത്തെത്തിയിരുന്നു.  സോൺടാ തട്ടിപ്പ് കമ്പനിയെന്ന് കണ്ണൂര്‍ മേയര്‍ ടി ഓ മോഹനന്‍ പറഞ്ഞു. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് മാലിന്യ സംസ്കരണത്തിന് സോൺടയുമായുള്ള കരാര്‍ റദ്ദാക്കിയത്. പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ എട്ടു കോടിയോളം രൂപ ലാഭമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനുള്‍പ്പെടെ കമ്പനിയുമായി ബന്ധമുണ്ട്.

കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു. കമ്പനിക്കായി ഇടപെടലുകള്‍ മുഴുവന്‍ നടത്തിയത് സര്‍ക്കാരാണ്. ഒരു പ്രവൃത്തിയും ചെയ്യാതെ 68 ലക്ഷം രൂപ സോൺട കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയെടുത്തു. ഭരണ സമിതി നിലവിലില്ലാത്ത സമയത്താണ് ഉദ്യോഗസ്ഥരില്‍ നിന്നും പണം വാങ്ങിയെടുത്തത്. ഈ പണം തിരികെപ്പിടിക്കാന്‍ നിയമ നടപടി തുടങ്ങിയതായും മേയര്‍ വ്യക്തമാക്കിയിരുന്നു. 

Share
അഭിപ്രായം എഴുതാം