‘കാര്‍പന്റേഴ്‌സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്… ഇന്ന് ഓസ്‌കാറുമായി നില്‍ക്കുന്നു’; ചരിത്രവേദിയില്‍ എം.എം കീരവാണി

രാജ്യത്തിനാകെ അഭിമാനമായി മാറിയ ഓസ്‌കാര്‍ പ്രഖ്യാപന വേദിയിലെ എംഎം കീരവാണിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ഓസ്‌കാര്‍ സ്വീകരിച്ചുകൊണ്ട് പാട്ട് പാടുന്നതുപോലെയാണ് കീരവാണി പ്രതികരിച്ചത്.

കാര്‍പന്റേഴ്‌സിനെ കേട്ടാണ് താന്‍ വളര്‍ന്നതെന്നും ഇപ്പോള്‍ ഓസ്‌കാറിനൊപ്പം നില്‍ക്കുന്നുവെന്നും കീരവാണി പറഞ്ഞു. ‘അക്കാദമിക്ക് നന്ദി. എനിക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അതുപോലെ തന്നെ രാജമൗലിക്കും എന്റെ കുടുംബത്തിനും. ആര്‍ആര്‍ആര്‍ പുരസ്‌കാരം നേടണം. ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനമായി മാറണം. ലോകത്തിന്റെ നെറുകയില്‍ എത്തണം. കീരവാണി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഗാനരചയിതാവ് ചന്ദ്രബോസിനൊപ്പമാണ് എം എം കീരവാണി ഓസ്‌കാര്‍ സ്വീകരിക്കാന്‍ വേദിയിലെത്തിയത്.

ദിനവും മലയാളികള്‍ മൂളുന്ന മനോഹരമായ നിരവധി പാട്ടുകള്‍ക്ക് പിന്നിലും കീരവാണിയുടെ മാന്ത്രിക സ്പര്‍ശനമുണ്ടായിട്ടുണ്ട്. നീലഗിരിയുടെ മനോഹാരിതയില്‍ വികാര തീവ്രമായ കഥ പറഞ്ഞ ഐ വി ശശി ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ കീരവാണിയുടെ അരങ്ങേറ്റം. പിന്നീട് തരളിത രാവില്‍ മയങ്ങിയോ എന്ന ഗാനം പിറന്നു. സൂര്യമാനസത്തിലെ ഈ ഗാനം മൂളി നടക്കാത്ത മലയാളികളുണ്ടാകില്ല. പുട്ടുറൂമീസായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍,സംഗീതത്തിലൂടെ ഹീറോ ആയത് കീരവാണിയായിരുന്നു. സ്വര്‍ണചാമരം എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ക്ക് ഈണമിട്ടത് കീരവാണിയാണ്.

മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങളിലൊന്നായ ‘ശിശിര കാല’ ചിട്ടപ്പെടുത്തിയതും കീരവാണിയാണ്. ഭരതന്റെ ശില്‍പചാരുതയാര്‍ന്ന ദൃശ്യങ്ങള്‍ക്കൊപ്പം ശ്രീദേവിയുടെ മനോഹരമായ നൃത്തവും അത്രമേല്‍ മനോഹരമായ ഈണത്തില്‍ ഗാനമൊരുക്കി കീരവാണിയും ചേര്‍ന്നപ്പോള്‍ പിറന്നത് മാന്ത്രികസ്പര്‍ശമുള്ള ഗാനം. ശശികല ചാര്‍ത്തിയ ദീപാവലയവും, യയയായാാദവാ എനിക്കറിയാം എന്നീ ഗാനങ്ങളും മലയാളികള്‍ക്ക് ഒരേപോലെ പ്രിയങ്കരമായി.

Share
അഭിപ്രായം എഴുതാം