ശ്രുതി ലാല്‍ മാതോത്ത്
ബ്രിട്ടീഷുകാര്‍ ഇന്ത്യഭരിക്കുന്ന കാലം. പൊന്നും മണ്ണും ഏലവും കുരുമുളകും തേയിലയും എല്ലാം തേടി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കണ്ണുകള്‍ ഇന്ത്യ ഒട്ടാകെ പാഞ്ഞു. ഒടുവില്‍ അവര്‍ കോഴിക്കോടും എത്തി. അടിവാരം വരെ എത്തിയ പട്ടാളത്തിന് പക്ഷെ വയനാട്ടിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ഉയര്‍ന്നു നില്‍ക്കുന്ന മല നിരകളാണ് മാര്‍ഗം മുടക്കികളായത്. സുഗന്ധവ്യജ്ഞനങ്ങളും മറ്റും സുലഭമായിരുന്ന വയനാടന്‍ കാടുകള്‍ കുറച്ചൊന്നുമല്ല ബ്രട്ടീഷുകാരെ മോഹിപ്പിച്ചത്. അതിനുമുപരി ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാര്‍ഗ്ഗമായാണ് അവര്‍ ഈ പാതയെ നോക്കിക്കണ്ടത്. പാതയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ച പല ഇംഗ്ലീഷുകാരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി. എന്നിട്ടും ആ സ്വപ്നനേട്ടത്തിനായി അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അടിവാരത്തെ ഒരു നാട്ടുകാരനെ വശത്താക്കി. അയാള്‍ മണ്ണിന്റെ ഗന്ധവും കാടറിഞ്ഞ മിടുക്കുമുള്ള കരിന്തണ്ടന്‍ എന്ന ആ കറുത്ത മനുഷ്യനെ സായിപ്പിന് കാണിച്ച് കൊടുത്തു. കാടിന്റെ മുക്കും മൂലയും അറിയുന്ന കരിന്തണ്ടന്‍ പണിയ സമുദായക്കാരുടെ കാര്‍ന്നോരായിരുന്നു. കരിന്തണ്ടനെ ഊരായ ചിപ്പിളത്തോടു നിന്ന് സായിപ്പിന്റെ മുന്നില്‍ എത്തിച്ചു. എന്നാല്‍ കരിന്തണ്ടന്‍ ആദ്യം വഴങ്ങിയില്ല. മറ്റുള്ളവര്‍ തങ്ങളുടെ മണ്ണും മലയും തീണ്ടരുത്, തീണ്ടിയാല്‍ കുലം മുടിയുകയും നാട് നശിക്കുകയും ചെയ്യുമെന്ന് കരിന്തണ്ടന്‍ ഉണര്‍ത്തിച്ചു. എന്നാല്‍ തീണ്ടുകയില്ലെന്നും ഇതുവഴി വഴി വെട്ടാന്‍ അനുവദിച്ചാല്‍ മതിയെന്നും കമ്പനി പറഞ്ഞു. ഒടുവില്‍ സായിപ്പിന്റെയും നാട്ടുകാരന്റെയുംവാക്കുകള്‍ വിശ്വസിച്ച് അവരെയും കൊണ്ട് കരിന്തണ്ടന്‍ മല കയറി.

ചതിയുടെ കഥ
ഒടുവില്‍ ചുരം കയറി കാടിന്റെ സൗന്ദര്യവും പൊന്നു വിളയുന്ന മണ്ണും കണ്ടപ്പോള്‍ സായിപ്പ് തനി സ്വഭാവം പുറത്തെടുത്തു. കരിന്തണ്ടനെ ചതിച്ചു കൊല്ലുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴാണ് കൂടെയുള്ള നാട്ടുകാരന്‍ സായിപ്പിനോട് രഹസ്യമായി പറഞ്ഞത്, കരിന്തണ്ടന്റെ കയ്യില്‍ ഒരു മാന്ത്രിക വളയുണ്ട് . തലമുറ തലമുറ കൈമാറി ഊരു മൂപ്പന്മാര്‍ക്ക് കിട്ടുന്നതാണ് ആ മാന്ത്രിക വള. അതുള്ളപ്പോള്‍ കരിന്തണ്ടനെ ആര്‍ക്കും ഒന്നും ചെയ്യുവാനാകില്ല. ഇത്തരം കാര്യങ്ങളില്‍ വിശ്വാസം ഇല്ലെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഇതും കൂടി നോക്കുവാന്‍ സായിപ്പ് തീരുമാനിച്ചു. അങ്ങനെ ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും മാത്രം ഊരി വെക്കാറുള്ള ആ വള നാട്ടുകാരന്‍ സൂത്രത്തില്‍ കൈക്കലാക്കി. ആ സമയം നോക്കി കമ്പനി കരിന്തണ്ടനെ വേദി വച്ച് കൊലപ്പെടുത്തി.

ചുരത്തിലെ അപകടങ്ങള്‍ക്ക് കാരണമായത് കരിന്തണ്ടന്റെ ആത്മാവ് ?
ചുരം കയറി മറ്റൊരു സ്വര്‍ഗ്ഗ രാജ്യം കാണിച്ചു കൊടുത്ത കരിന്തണ്ടനെ അങ്ങനെ കമ്പനി ചതിച്ചു കൊലപ്പെടുത്തി. കരിന്തണ്ടന്‍ കാണിച്ച് കൊടുത്ത വഴിയിലൂടെ ബ്രിട്ടീഷുകാര്‍ പുതിയ റോഡ് ഉണ്ടാക്കി. സുഗന്ധ വസ്തുക്കള്‍ കൊണ്ട് പോകാനും മൈസൂരിലേക്ക് പോകാനായിരുന്നു ആ റോഡ്. പക്ഷെ ചുരം വഴി പോകുന്ന കാളവണ്ടികളും മറ്റു വാഹനങ്ങളും നിരന്തരം അഗാധ ഗര്‍ത്തത്തിലേക്ക് വീണു . അത് വഴി പോകുന്നവരെല്ലാം നിരന്തരം അപകടങ്ങളില്‍ പെട്ടു. ഒമ്പതു കൊടിയ ഹെയര്‍ പിന്‍ വളവുകള്‍ കയറിയും ഇറങ്ങിയും ഉള്ള 14 കിലോമീറ്റര്‍ ദൂരത്തിലുള്ള താമരശ്ശേരി ചുരം അങ്ങനെ എല്ലാരുടേം പേടി സ്വപ്നമായി. ഒടുവില്‍ കവടി നിരത്തി പ്രശ്നം വച്ചപ്പോള്‍ കരിന്തണ്ടന്റെ ആത്മാവാണ് ഇത് ചെയ്യുന്നതെന്ന് മനസിലേക്ക് , ഒരു മഹാമന്ത്രവാദിയെ കൊണ്ട് വന്നു പ്രേതത്തെ ബന്ധിപ്പിക്കാനുള്ള പരിപാടികള്‍ തുടങ്ങി. എന്നാല്‍ സാധാരണ ആത്മാവിനെക്കാളും ഉഗ്രശക്തി ഉള്ളതായിരുന്നു കരിന്തണ്ടന്റെ ആത്മാവ് .

മൂപ്പന്റെ ആത്മാവിനെ തളക്കാന്‍ ആണിയോ സൂചിയോ പോരാതെ വന്നു. ഒടുവില്‍ ഓടത്തണ്ടില്‍ ആവാഹിച്ച് വയനാട് ഗേറ്റിനടുത്തുള്ള ചങ്ങല മരത്തിന്മേല്‍ ബന്ധനസ്ഥാനാക്കി. കാലക്രമേണ അത് കരിന്തണ്ടന്‍ തറയെന്ന അറിയപ്പെട്ടു. അതുവഴി പോകുന്നവര്‍ ആ മരച്ചുവട്ടില്‍ കാണിക്കയര്‍പ്പിച്ച് സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പരിഷ്‌കൃതസമൂഹത്തിന് ഇത്തരം ഏര്‍പ്പാടുകള്‍ യോജിച്ചതല്ലെന്ന പുരോഗമനപ്രസ്ഥാനക്കാരുടെ വാക്കുകേട്ട് അത്തരം ആചരണങ്ങളില്‍ നിന്ന് പിന്നാക്കം പോയി.

കരിന്തണ്ടന്‍ സ്മരണാദിനം
അങ്ങനെ കരിന്തണ്ടന്‍ സ്മൃതിസ്ഥലം ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിലായി. പിന്നീട് ദേശീയ പ്രസ്ഥാനങ്ങളാണ് നാടിന്റെ വികസനത്തിന് ആധാരമായ ഒരു പാത കണ്ടെത്തിയ ആ മഹാ പുരുഷനെ കഴിഞ്ഞ നാലു പതിറ്റാണ്ടായി ആദരിച്ചുവരുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം, വനവാസി കല്യാണ്‍ ആശ്രമം, പീപ്പ് തുടങ്ങിയ സംഘടനകള്‍ ഇത് കൃത്യമായി നിര്‍വഹിച്ചു വരികയാണ്. ചങ്ങലമരച്ചുവട്ടില്‍ വിളക്കുകൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും പ്രതിവര്‍ഷം കരിന്തണ്ടന്‍ സ്മരണ പുതുക്കി വരുന്നു.

കരിന്തണ്ടന്‍ പ്രതിമയുടെ അനാച്ഛാദനം മാര്‍ച്ച് 13ന്
അഖിലഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ വൈസ് പ്രസിഡന്റ് എം.എച്ച്.നാഗുജി കരിന്തണ്ടന്‍ പ്രതിമയുടെ അനാച്ഛാദനം നടത്തും. കരിന്തണ്ടന്‍ സ്മൃതിദിനമായ 13/03/23 തിങ്കളാഴ്ച വൈകുന്നേരം 5ന് കരിന്തണ്ടന്‍ മൂപ്പന്റെ പൂര്‍ണകായ പ്രതിമ ലക്കിടിയില്‍ സ്ഥാപിക്കും. പതിവുപോലെ രാവിലെ താമരശ്ശേരി ചുരത്തിലൂടെ കരിന്തണ്ടന്‍ സ്മൃതിയാത്രയും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.