ഒരു റാങ്ക്, ഒരു പെന്‍ഷന്‍: കുടിശ്ശിക വിതരണ സമയം പാലിക്കാതെ കേന്ദ്രം, വിമര്‍ശിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: പ്രതിരോധ സൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നല്‍കാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിന് നേരത്തേ രണ്ടുതവണ പ്രഖ്യാപിച്ച സമയപരിധിയും കേന്ദ്രസര്‍ക്കാര്‍ പാലിച്ചിരുന്നില്ല. കുടിശ്ശിക വിതരണം സംബന്ധിച്ച രൂപരേഖ ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ കേന്ദ്രത്തിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിയമം കൈയിലെടുക്കാന്‍ പ്രതിരോധ മന്ത്രാലയം ശ്രമിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.കുടിശ്ശിക നാല് ഗഡുക്കളായി വിതരണംചെയ്യുമെന്ന് വ്യക്തമാക്കി ജനുവരിയില്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് സുപ്രീംകോടതി വിധിക്ക് എതിരാണെന്നും അത് പിന്‍വലിച്ചിട്ടുണ്ടോ എന്ന് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 2023 മാര്‍ച്ച് 15-നകം മുഴുവന്‍ കുടിശ്ശികയും നല്‍കണമെന്നാണ് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.എന്നാല്‍, 2023 മാര്‍ച്ച് 31-നകം കുടിശ്ശികയുടെ ആദ്യ ഗഡു വിതരണം ചെയ്യുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. 28 ലക്ഷം അപേക്ഷകളില്‍ ഏഴ് ലക്ഷം തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എത്ര കുറഞ്ഞ സമയത്തിനുള്ളില്‍ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാനാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്.

Share
അഭിപ്രായം എഴുതാം