കൊച്ചി: മരട് വില്ലേജില്‍ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാതാക്കളായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിന്റെ ഭൂമിലേല നടപടി മൂന്നുമാസത്തിനകം തീര്‍ക്കണമെന്നു സുപ്രീം കോടതി. കമ്പനിവക ഭൂമിയ്ക്കു ചില രജിസ്‌ട്രേഷന്‍ പോരായ്മയുള്ളതിനാല്‍, ലേലം നടത്താന്‍ നിയമതടസമുണ്ടെന്നു റവന്യൂവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നു ഫളാറ്റ് ഉടമയുടെ സ്വകാര്യ സ്വത്തുക്കള്‍ പിടിച്ചെടുത്തു ലേലം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, ഇതിനെതിരേ, ഉടമ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണു തല്‍ക്കാലം സ്വകാര്യഭൂമി ഏറ്റെടുക്കുന്നതു തടഞ്ഞത്.
സര്‍ക്കാരിനും ഫ്ളാറ്റ് ഉടമകള്‍ക്കും നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണു ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് ഉടമ സാനി ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര വസ്തുക്കള്‍ ലേലം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തീരദേശ നിയമം ലംഘിച്ചു നിര്‍മിച്ചതിനെ തുടര്‍ന്നാണു സുപ്രീം കോടതി ഉത്തരവു പ്രകാരം മരട് നഗരസഭയിലെ നാല് ഫ്ളാറ്റുകള്‍ മൂന്നു വര്‍ഷംമുമ്പു പൊളിച്ചത്. എച്ച്.ടു.ഒ. ഫ്‌ളാറ്റുടമകള്‍ക്ക് ഇതുവരെ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. ഫ്ളാറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി റിട്ട. ജഡ്ജി തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ചെയര്‍മാനായ കമ്മിഷനെ നിയമിച്ചിരുന്നു. മറ്റു മൂന്നു നിര്‍മാതാക്കളും ഫ്ളാറ്റുടമകള്‍ക്കു തുക നല്‍കി.
നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലാവധി നാലുമാസം മുമ്പ് അവസാനിച്ചു. തുടര്‍ന്ന് സബ്കലക്ടര്‍ക്കെതിരേ ഫ്ളാറ്റുടമകള്‍ കോടതിയലക്ഷ്യത്തിനു കേസ് ഫയല്‍ ചെയ്തു. തുടര്‍ന്നാണ് എച്ച്.ടു.ഒ. ബില്‍ഡേഴ്‌സിന്റെ ഭൂമി ലേലംചെയ്തു ഫ്ളാറ്റുടമകള്‍ക്കു പണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.