ബ്രഹ്‌മപുരം: തകര്‍ന്നടിഞ്ഞ് ടൂറിസം, ഐ.ടി.

കൊച്ചി: ബ്രഹ്‌മപുരം മാലിന്യനിര്‍മാര്‍ജന പ്ലാന്റിലെ വിഷപ്പുകയ്ക്കു പത്തുനാള്‍ പിന്നിട്ടിട്ടും പൂര്‍ണമായ ശമനമില്ല. പകല്‍വേളകളില്‍ പടിഞ്ഞാറ് കൊച്ചി നഗരത്തിലേക്കും രാത്രിയോടെ കിഴക്കന്‍ മേഖലയിലേക്കുമാണു വിഷപ്പുക പരക്കുന്നത്. ശാരീരികാസ്വാസ്ഥ്യം രൂക്ഷമായതോടെ നിരവധിപേരാണു കൊച്ചിവിട്ടു മറ്റുനാടുകളിലേക്കു മാറുന്നത്. കോവിഡാനന്തരം മാസ്‌ക് വ്യാപകമായതോടെ ആശുപത്രികളിലെത്തുന്ന ശ്വാസകോശ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍, ബ്രഹ്‌മപുരം സംഭവത്തോടെ ശ്വാസകോശ വിഭാഗത്തില്‍ തിക്കുംതിരക്കുമാണ്. കണ്ണെരിച്ചിലും തലചുറ്റലും തലവേദനയും ചൊറിച്ചിലും മൂലം നിരവധിപേര്‍ ആശുപത്രികളിലെത്തുന്നു. ഇന്നുമുതല്‍ ബാധിതപ്രദേശങ്ങളില്‍ ആരോഗ്യസര്‍വേ ആരംഭിക്കുകയാണ്.

ബ്രഹ്‌മപുരം തീപിടിത്തം കേരളത്തിലെ ടൂറിസം, ഐ.ടി. അടക്കം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തു കനത്ത തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍. കോടികളുടെ നഷ്ടമാണു പ്രവചിക്കുന്നത്. തീപിടിത്തം പ്രതിരോധിക്കാന്‍ ഇതിനകം കോടികള്‍ ചെലവഴിച്ചുകഴിഞ്ഞു. കേരളത്തിലേക്കു യാത്ര പ്ലാന്‍ ചെയ്ത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ബുക്കിങ് റദ്ദാക്കി തുടങ്ങി. ആഭ്യന്തര വിനോദസഞ്ചാരികളും കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കുകയാണ്. പലരും ഗുരുവായൂരില്‍നിന്നു വഴിമാറി കൊച്ചിയിലെത്താതെ ആലപ്പുഴയിലെത്തുന്നു. കൊച്ചിയിലെ വിഷപ്പുകയെക്കുറിച്ച് ആഗോള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തൊടെയാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീപിടിത്തവും വിഷപ്പുകയും പത്തുനാള്‍ കഴിഞ്ഞിട്ടും കെടുത്താനാകാത്തതും ഇക്കാര്യത്തില്‍ സംസ്ഥാന ഭരണകൂടത്തിന്റെ അനാസ്ഥയും ആഗോളതലത്തില്‍ ചര്‍ച്ചയായതു കേരള ടൂറിസത്തിനു വലിയ ക്ഷീണമാകും. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണു കൊച്ചി.

കൊച്ചി മലിനമായതു സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. ടൂറിസം, വ്യവസായം, ഐ.ടി, സ്റ്റാര്‍ട്ടപ്പ് തുടങ്ങി ഏതു മേഖലയെടുത്താലും കൊച്ചി കേന്ദ്രമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. കൊച്ചിയുടെ അന്തരീക്ഷമാകെ മലിനമായതൊടെ നിലവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പോലും കൊച്ചി വിടാന്‍ ആലോചിക്കുന്നതായാണു കമ്പനികളുമായി ബന്ധമുള്ള വൃത്തങ്ങള്‍ സൂചിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്തു കാക്കനാട് ഇന്‍ഫോപാര്‍ക്കിലെയും സ്മാര്‍ട്ട്‌സിറ്റിയിലെയും ഐ.ടി. സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്കു കോവിഡ് കാലത്തെ മാതൃകയില്‍ വര്‍ക്ക് അറ്റ് ഹോം പ്രഖ്യാപിച്ചു കഴിഞ്ഞു. മിക്കവരും ഈ ഓപ്ഷന്‍ തെരഞ്ഞെടുത്തു സ്വന്തം നാടുകളിലേക്കു മടങ്ങുകയാണ്. നൈറ്റ് ഷോപ്പിങ്ങിനെയും വിഷപ്പുക ബാധിച്ചിട്ടുണ്ട്. രാത്രിയാകുന്നതോടെ ആളുകള്‍ വീട്ടിലെത്തുന്നതിനാല്‍, കൊച്ചിയിലും സമീപപ്രദേശങ്ങളിലും ഒഴിഞ്ഞ നിരത്തുകളാണ്. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ടു ഒരാഴ്ചയായി. അടുത്ത ബുധനാഴ്ച വരെ അവധി നല്‍കിയിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം